തിരുവനന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐയുടെ രക്തസാക്ഷി സ്തൂപം; ഉദ്ഘാടനം തടഞ്ഞ് ഹൈക്കോടതി
Kerala
തിരുവനന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐയുടെ രക്തസാക്ഷി സ്തൂപം; ഉദ്ഘാടനം തടഞ്ഞ് ഹൈക്കോടതി
രാഗേന്ദു. പി.ആര്‍
Friday, 16th January 2026, 8:43 pm

കൊച്ചി: തിരുവനന്തപുരം ലോ കോളേജിലെ രക്തസാക്ഷി സ്തൂപത്തിന്റെ ഉദ്ഘാടനം തടഞ്ഞ് ഹൈക്കോടതി. രക്തസാക്ഷി സ്തൂപത്തിന്റെ നിര്‍മാണം അനധികൃതമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു നല്‍കിയ പരാതിയിലാണ് നടപടി. നാളെ (ശനി) ആണ് സ്തൂപത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

എന്നാൽ ഉദ്ഘാടന ചടങ്ങോ പ്രതിമ അനാവരണമോ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കളക്ടര്‍ക്കും മ്യൂസിയം പൊലീസിനുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

ലോ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നിലാണ് മുന്‍ യൂണിയന്‍ ചെയര്‍മാനായ എ.എം. സക്കീറിന്റെ സ്മരണാര്‍ത്ഥം എസ്.എഫ്.ഐ സ്തൂപം നിര്‍മിച്ചത്.

ഇതിനിടെ സ്തൂപത്തെ ചൊല്ലി എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും വിവരമുണ്ട്.

സ്തൂപത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കറുത്ത പെയിന്റ് ഒഴിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. എന്നാല്‍ അനധികൃത നിര്‍മാണം തടയുകയായിരുന്നുവെന്ന് കെ.എസ്.യു നേതൃത്വം പ്രതികരിച്ചു.

സ്തൂപത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ നാല് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

എസ്.എഫ്.ഐ ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് സഫര്‍ ഗഫൂര്‍, സെക്രട്ടറി അല്‍ സഫര്‍ നവാസ്, പ്രവര്‍ത്തകരായ വേണുഗോപാല്‍, അര്‍ജുന്‍ പി.എസ് എന്നിവരാണ് നടപടി നേരിട്ടത്. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍.

Content Highlight: High Court blocks inauguration of Martyrs’ Monument at Thiruvananthapuram Law College

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.