സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി ഹൈക്കോടതി; ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അടിയന്തര നിര്‍ദേശം
Kerala News
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി ഹൈക്കോടതി; ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അടിയന്തര നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 2:01 pm

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി ഹൈക്കോടതി. രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കാനും കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടേത് ശമ്പളത്തോടുകൂടിയ അവധിയായാണ് കണക്കാക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും കാണിച്ചായിരുന്നു തിരുവനന്തപുരത്തുനിന്നുമുള്ള അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ചത്.

ഈ ഹരജിയിന്‍മേലാണ് കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും സര്‍വീസ് റൂള്‍ പ്രകാരം ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി ഉത്തരവിറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Content Highlight:  High court bans strike by government employees