ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പ്രീതാ ഷാജിയുടെ കേസില്‍ സര്‍ക്കാര്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 1:30pm

കൊച്ചി: സുഹൃത്തിന് വായ്പ ലഭിക്കാന്‍ ജാമ്യം നിന്നത് വഴി ജപ്തി ഭീഷണി നേരിടുന്ന ഇടപ്പള്ളി പത്തടിപ്പാലം പ്രീത ഷാജിയുടെ കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി.

പ്രശ്‌ന പരിഹാരം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരെ കക്ഷി ചേര്‍ത്ത ഹൈക്കോടതി പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഉത്തരവിട്ടു.


Read:  വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികരുടെ ജാമ്യാപേക്ഷ തള്ളി: അറസ്റ്റാകാമെന്ന് ഹൈക്കോടതി


കഴിഞ്ഞ ദിവസം പ്രീതാ ഷാജിയും കുടുംബവും താമസിക്കുന്ന വീട് ജപ്തിചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ ജനകീയ സമരത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ച് തിരിച്ചുപോയിരുന്നു.

കൂടാതെ പ്രതിഷേധം പ്രദേശത്തു സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു. ഈ സാഹചര്യം വിശദീകരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി ബന്ധുവായ സാജന് വേണ്ടി രണ്ടു ലക്ഷം രൂപയുടെ വായ്പയ്ക്ക് ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയും ചെയ്തു.

പിന്നീട് ലോര്‍ഡ് ബാങ്ക് തകരുകയും ബാങ്കിനെ എച്ച്.ഡി.എഫ്.സി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ബാങ്കില്‍ തിരിച്ചടവ് മുടങ്ങിയതോടെ വന്‍തുക കുടിശ്ശിക വന്നു.


Read:  ആര്‍.എസ്.എസ് മുസ്‌ലിമിന്റെ യഥാര്‍ത്ഥ സുഹൃത്ത്: അയോധ്യയിലെ ഖുര്‍ആന്‍ പാരായണം സാഹോദര്യത്തിന്റെ സന്ദേശമെന്ന് രാഷ്ട്രീയ മുസ്‌ലിം മഞ്ച്


തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയ്യാറായെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍തുക ആവശ്യപ്പെടുകയായിരുന്നു. 2.3 കോടി അടക്കണം എന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്.

ഇതേതുടര്‍ന്ന് മരണം വരെ പ്രീത ഷാജി നിരാഹാര സമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

Advertisement