അക്യുപങ്ചർ ചികിത്സ; കേന്ദ്ര സമിതിയുടെ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
Kerala News
അക്യുപങ്ചർ ചികിത്സ; കേന്ദ്ര സമിതിയുടെ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2024, 8:23 am

കൊച്ചി: അക്യുപങ്ചർ ചികിത്സയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ നടപടികൾ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി.

സംശയത്തിന്റെ പേരിൽ പോലും അക്യുപങ്ചർ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് ഉൾപ്പെടെ നിരന്തരം പരിശോധന നടത്തുന്നതിനെതിരെ അക്യുപങ്ചർ ജോയിന്റ് കൗൺസിൽ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദേശം പുറപ്പെടുവിച്ചത്.
പൊലീസും മറ്റും തുടർച്ചയായി നടത്തുന്ന പരിശോധനകൾ ക്ലിനിക്കുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഹരജിക്കാരുടെ പരാതി.

അക്യുപങ്ചർ ചികിത്സാ രീതി ശാസ്ത്രീയമാണെന്ന് അവകാശപ്പെട്ട ഹരജിക്കാർ കേന്ദ്രസർക്കാർ 2019ൽ നിയോഗിച്ച സമിതി ഇതുവരെ നടപടികൾ പൂർത്തിയാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്ര അതോറിറ്റി അന്തിമ തീരുമാനമെടുക്കും മുമ്പ് ഹരജിക്കാരുടെ ഭാഗംകൂടി കേൾക്കണമെന്നും അതുവരെ അക്യുപങ്ചർ കേന്ദ്രങ്ങൾ ലൈസൻസോട് കൂടിയാണോ പ്രവർത്തിക്കുന്നതെന്ന് മാത്രമേ പൊലീസ് പരിശോധിക്കാവൂ എന്നും കോടതി അറിയിച്ചു.

അതേസമയം നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കാമെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരത്ത് ആശുപത്രിയിൽ കൊണ്ടുപോകാതെ അക്യുപങ്ചർ ചികിത്സ വഴി വീട്ടിൽതന്നെ പ്രസവമെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നു. സംഭവത്തിൽ ഭർത്താവും അക്യുപങ്ചർ ചികിത്സകനും അറസ്റ്റിലായിരുന്നു.

അതേസമയം അശാസ്ത്രീയ രീതിയിലും വേണ്ടത്ര അറിവില്ലാതെയും അക്യുപങ്ചർ എന്ന പേരിൽ പ്രാകൃതമായി നടത്തിയ പ്രവർത്തിയെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചതെന്നനും ഇത് അക്യുപങ്ചർ അല്ലെന്നും അക്യുപങ്ചർ സയൻസ് അസോസിയേഷൻ (എ.എസ്.എ) അറിയിച്ചിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അക്യുപങ്ചർ പ്രാക്ടീസിനുള്ള നിയമനിർമാണം ഉടൻ നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Content Highlight: High court asks to complete actions fast on Acupuncture treatment