എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ലെ സെക്‌സി ദുര്‍ഗക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത്; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
എഡിറ്റര്‍
Friday 17th November 2017 3:57pm


കൊച്ചി: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഇന്ത്യന്‍ പനോരമയില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ്ഗ ഒഴിവാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ലെ പ്രദര്‍ശനാനുമതി നല്‍കാഞ്ഞതെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.എം ടി യുടെ നിര്‍മാല്യം എന്ന ചിത്രത്തിന് ഇക്കാലത്ത് എന്താവും അവസ്ഥ. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമ എന്ത് കൊണ്ട് പ്രദര്‍ശിപ്പിച്ചു കൂടേ എന്നും കോടതി ചോദിച്ചു.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് ഓഗസ്റ്റില്‍ സമര്‍പ്പിച്ച സിനിമ നവംബര്‍ 10നായിരുന്നു തള്ളിയത്. ഹര്‍ജിക്കാരന് ഭേദഗതിക്ക് അവസരം നല്‍കിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഉച്ച കഴിഞ്ഞും വാദം തുടരും.


Also Read ദീപികയുടെയും സംവിധായകന്റെയും തലയറുക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ നല്‍കുമെന്ന് ക്ഷത്രിയ യുവസഭ


അതേസമയം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ ഇന്ത്യന്‍ പനോരമയില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ, രവി ജാധവ് ഒരുക്കിയ ന്യൂഡ് എന്നീ ചിത്രങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

സെക്സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്

Advertisement