യോഗി ഹനുമാന്റെ അവതാരം, കൃഷ്ണജന്മഭൂമിയില്‍ പ്രണാമമര്‍പ്പിക്കാനാകാതെ ജീവിക്കുന്നതിലും ഭേദം മരണം; ഷാഹി ഈദ്ഗാഹില്‍ ജന്മാഷ്ടമി പ്രാര്‍ത്ഥനക്ക് അനുമതി തേടി രക്തത്തില്‍ കത്തെഴുതി ഹിന്ദുത്വവാദികള്‍
national news
യോഗി ഹനുമാന്റെ അവതാരം, കൃഷ്ണജന്മഭൂമിയില്‍ പ്രണാമമര്‍പ്പിക്കാനാകാതെ ജീവിക്കുന്നതിലും ഭേദം മരണം; ഷാഹി ഈദ്ഗാഹില്‍ ജന്മാഷ്ടമി പ്രാര്‍ത്ഥനക്ക് അനുമതി തേടി രക്തത്തില്‍ കത്തെഴുതി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 10:41 am

ലഖ്‌നൗ: കൃഷ്ണ ജന്മഭൂമിയില്‍ സ്ഥിതിചെയ്യുന്നതെന്ന് ആരോപിക്കപ്പെടുന്ന ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളില്‍ ജന്മാഷ്ടമി പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തത്തില്‍ കത്തെഴുതി ഹിന്ദുത്വവാദികള്‍. അഖില ഭാരത ഹിന്ദു മഹാസഭ(എ.ബി.എച്ച്.എം) അംഗമാണ് മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി നല്‍കിയത്.

സാധാരണക്കാരായ ബ്രിജ്‌വാസികളോടൊപ്പം ചേര്‍ന്ന് ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് എ.ബി.എച്ച്.എം ട്രഷറര്‍ ദിനേശ് ശര്‍മയുടെ വാദം.

കത്ര കേശവ ദേവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഹരജികള്‍ കോടതിയില്‍ നിലനില്‍ക്കെയാണ് കത്ത് വന്നിരിക്കുന്നത്.

അനധികൃതമായി കൃഷ്ണജന്മഭൂമി കയ്യേറി മസ്ജിദ് നിര്‍മിച്ചതിനാല്‍ കൃഷ്ണാരാധന നടത്തുന്നത് ശരിയായ കൃഷ്ണജന്മഭൂമിയില്‍ അല്ലെന്നാണ് ദിനേശ് ശര്‍മ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ ‘ഹിന്ദു ദൈവമായ ഹനുമാന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച ശര്‍മ മുഖ്യമന്ത്രി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

കൃഷ്ണന്റെ ജന്മഭൂമിയില്‍ കൃത്യമായി പ്രണാമം അര്‍പ്പിക്കാന്‍ ആവാതെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നും ദിനേശ് പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാന ആവശ്യവുമായി കോടതിയില്‍ ഓഗസ്റ്റ് 3ന് അപേക്ഷയെത്തിയിരുന്നു. ഇത് പിന്നീട് കോടതി തള്ളിയിരുന്നു.

Content Highlight: Hidutvawadis write letter to yogi seeking permission to offer prayer at shahi idgah on janmashtami