ജമ്മു കാശ്മീര്‍; പെല്ലറ്റ് ആക്രമണത്തിനിരയായ ഹിബ നിസാറിന് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം
national news
ജമ്മു കാശ്മീര്‍; പെല്ലറ്റ് ആക്രമണത്തിനിരയായ ഹിബ നിസാറിന് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 8:18 am

ശ്രീനഗര്‍: ഷോപിയാനില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ പെല്ലറ്റാക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ 19 മാസം പ്രായമുള്ള ഹിബാ നിസാറിന് ജമ്മു കാശ്മീര്‍ സര്‍ക്കാറിന്റെ ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം.

ഷോപിയാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഒവൈസ് അഹമദ് പെണ്‍കുഞ്ഞിന്റെ കുടുംബത്തിന് തുക കൈമാറിയതായി സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. ഹിബയുടെ പരിപൂര്‍ണ്ണ ആരോഗ്യത്തിനായ സംസ്ഥാനം എന്തു സഹായം നല്‍കാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read ലിംഗവിവേചനം അനുവദിക്കില്ല, അഗസ്ത്യാര്‍കുടത്തില്‍ സ്ത്രീകള്‍ക്ക് ട്രെക്കിങ്ങിന് ഹൈക്കോടതിയുടെ അനുമതി

ഹിബയ്ക്ക് പെല്ലറ്റാക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹിബയെ സംസ്ഥാനത്തിന്റെ പുറത്തു കൊണ്ടു പോകാമെന്ന് സര്‍ക്കാര്‍ ഉപദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു.

സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന്‍ ജമ്മു കാശ്മീര്‍ പൊലീസിനോടും സര്‍ക്കാരിനോടും സംഭവത്തില്‍ വിശദീകരണം നേടിയിട്ടുണ്ട്. ഹിബയ്ക്ക് വെടിയേറ്റ സാഹചര്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read പാര്‍ലമെന്റ് സ്ട്രീറ്റില്‍ മൊബൈല്‍ ടോയ്‌ലറ്റുമായി ദല്‍ഹി സര്‍ക്കാര്‍, ഭക്ഷണവുമായി വിദ്യാര്‍ത്ഥികള്‍; കര്‍ഷകമാര്‍ച്ചിന് പിന്തുണയേറുന്നു

ശസ്ത്രക്രയയ്ക്കു ശേഷം ഹിബ ശ്രീ മഹാരാജ ഹരി സിങ്ങ് ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഹിബ മറ്റൊരു ശസ്ത്രക്രിയ്ക്ക് വിധേയയാകും. പെല്ലറ്റാക്രമണമേറ്റ കണ്ണിന്റെ കാഴ്ച ഹിബയ്ക്ക് നഷ്ടപ്പെട്ടേക്കാമെന്നും കാഴ്ച ശക്തി തിരിച്ചു കിട്ടുന്നതിനെക്കുറിച്ച് അടുത്ത ശസ്ത്രക്രിയയ്ക്കു ശേഷമേ അറിയാന്‍ സ്ഥിരീകരിക്കാന്‍ പറ്റൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞു.