ആദ്യം ഇസ്രഈല്‍ കരാര്‍ പാലിക്കട്ടെ; നിരായൂധീകരണത്തെ തള്ളി ഹിസ്ബുള്ള
World
ആദ്യം ഇസ്രഈല്‍ കരാര്‍ പാലിക്കട്ടെ; നിരായൂധീകരണത്തെ തള്ളി ഹിസ്ബുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th August 2025, 10:19 am

ബെയ്‌റൂട്ട്: രാജ്യത്തിന്റെ ആയുധ വിതരണവും ഉത്പാദനവും രാജ്യസേനകളില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള ലെബനന്‍ മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ഹിസ്ബുള്ള. തീരുമാനം അമേരിക്കയുടെ ആജ്ഞപ്രകാരമാണെന്ന് ഹിസ്ബുള്ള പറഞ്ഞു.

ലെബനന്റെ നിരായുധീകരണ തീരുമാനത്തെ തങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും ഇസ്രഈലിന്റെ താത്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ലെബനലിലെ സായുധ സംഘടനയായ ഹിസ്ബുള്ള പറഞ്ഞു.

ബെയ്‌റൂട്ടിന് കിഴക്കുള്ള ബാബ്ദയിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസില്‍ ഹിസ്ബുള്ളയെ നിരായുധീകരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ (സി)യുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭാ യോഗം നടന്നതായി ലെബനീസ് പ്രസിഡന്‍സി പ്രസ് ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചിരുന്നു.

ആയുധങ്ങളുടെ മേല്‍ ഭരണകൂട കുത്തക സ്ഥാപിക്കാനുള്ള ലെബനന്‍ സര്‍ക്കാരിന്റെ നീക്കം ഗുരുതരമായ കുറ്റമാണെന്നും തങ്ങള്‍ അത് തള്ളിക്കളയുന്നെന്നുമാണ് ഹിസ്ബുള്ള പറഞ്ഞത്.

വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളമുള്ള ആയുധങ്ങള്‍ ആറ് ഔദ്യോഗിക സുരക്ഷാ സേനകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാന്‍ ലെബനന്‍ സൈന്യത്തെ അധികാരപ്പെടുത്തുന്നതാണ് മന്ത്രിസഭയുടെ തീരുമാനം.

ഇസ്രഈലിനെതിരായ ചെറുത്തുനില്‍പ്പ് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹിസ്ബുള്ള നിരായുധീകരണ ആഹ്വാനം നിരസിച്ചു.

‘ഈ തീരുമാനം ഇസ്രഈലിനെ സഹായിക്കുന്നതാണ്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നവംബറില്‍ ഹിസ്ബുള്ളയുമായി ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ദിവസനേയെന്നോണം ലംഘിക്കുകയാണ്.

ലെബനനെതിരെയുള്ള ആക്രമണം ഇസ്രഈല്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ലെബനന്‍ സായുധ സംഘത്തോട് ആയുധം താഴെ വയ്ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത്,’ ഹിസ്ബുള്ള പറഞ്ഞു.

ആയുധങ്ങളുടെ മേല്‍ ഒരു ഭരണകൂട കുത്തക കൊണ്ടുവരേണ്ടത് തങ്ങളുടെ കടമയാണെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞത്.

ഈ പ്രഖ്യാപനം ഹിസ്ബുള്ളയുടെ സൈനിക സാന്നിധ്യം ഔദ്യോഗികമായി നിരസിച്ചതിന് തുല്യമാണെന്ന നിരീക്ഷണമാണ് ഉയരുന്നത്. ആറ് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തില്‍ നിന്ന് ശിയാ മന്ത്രിമാര്‍ ഇറങ്ങിപ്പോയെന്നും ഹിസ്ബുള്ള പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ലെബനനെതിരായ ആക്രമണം ഇസ്രഈല്‍ അവസാനിപ്പിക്കുക, നമ്മുടെ ഭൂമി വിട്ടുതരിക, തടവുകാരെ മോചിപ്പിക്കുക, രാഷ്ട്രം കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കുക, ഇസ്രഈല്‍ ആക്രമണത്തില്‍ തകര്‍ന്നവയുടെ പുനര്‍നിര്‍മാണം ഉറപ്പാക്കാക്കുക തുടങ്ങിയ കാര്യങ്ങളില്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്,’ ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ആദ്യം പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വടക്കന്‍ അയല്‍രാജ്യമായ ടുലിനില്‍ ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം പതിവാണ്. ബുധനാഴ്ച തെക്കന്‍ ലെബനന്‍ പട്ടണമായ ടുലിനില്‍ ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള വസ്സാനി നദിക്ക് മുകളില്‍ ഇസ്രഈല്‍ ജെറ്റുകള്‍ ബോംബുകള്‍ വര്‍ഷിച്ചതായി എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബുധനാഴ്ച വൈകുന്നേരം, ഇസ്രഈലി ജെറ്റുകള്‍ തെക്കന്‍ ലെബനനില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ സാവ്താര്‍, ദെയ്ര്‍ സിറിയാനെ ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള യു.എസ് നിര്‍ദ്ദേശത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി ലെബനന്‍ മന്ത്രിസഭ വ്യാഴാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് അറിയുന്നത്.

ഹിസ്ബുള്ളയെ ബലപ്രയോഗത്തിലൂടെ നിരായുധീകരിക്കാനുള്ള സാധ്യതയും ലെബനന്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന. അത്തരമൊരു തീരുമാനമെടുത്താല്‍ ലെബനന്‍ സൈന്യത്തിന്റെ സഹായം അതിനായി ഉപയോഗപ്പെടുത്തിയേക്കും.

നിരായുധീകരണം ഒരു സെന്‍സിറ്റീവ് വിഷയമാണെന്നും ഇത് ദേശീയ സമാധാനത്തിന് തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് വെള്ളിയാഴ്ച ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ മുന്നറിയിപ്പ് നല്‍കിയത്,

ഇസ്രഈല്‍ ആക്രമണത്തിന് മുന്നില്‍ ഹിസ്ബുള്ള ആയുധങ്ങള്‍ താഴെ വയ്ക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് നയിം ഖാസിം ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പകരം ഇസ്രഈലിനെതിരായ പ്രതിരോധം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ലെബനന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടേണ്ടതുണ്ട്. നമ്മുടെ പ്രതിരോധം ശക്തമാണ്. ഇസ്രഈല്‍ ആക്രമണത്തില്‍ നിന്നും ലെബനനെ പ്രതിരോധിക്കാന്‍ ഹിസ്ബുള്ള കനത്ത ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

Content Highlight: Hezbollah says Lebanon cabinet decision to limit arms to state is ‘grave sin’