വാഷിങ്ടണ്‍: ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള ലെബനന്റെ നീക്കങ്ങള്‍ക്ക് യു.എസിന്റെ പിന്തുണ. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം 230 മില്യണ്‍ ഡോളര്‍ (ഏകദേശം 20.4 ബില്യണ്‍ ഇന്ത്യന്‍ രൂപ) ലെബനന്റെ സുരക്ഷാ സേനയ്ക്ക് അനുവദിച്ചു. ഇതില്‍ 190 മില്യണ്‍ ഡോളര്‍ ലെബനന്റെ സായുധസേനയ്ക്കും 40 മില്യണ്‍ ഡോളര്‍ ആഭ്യന്തര സുരക്ഷാസേനയ്ക്കുമാണ് കൈമാറിയിരിക്കുന്നത്.
സെപ്റ്റംബര്‍ 30ന് അവസാനിച്ച യു.എസിന്റെ സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പായാണ് ഈ പണം കൈമാറിയതെന്നാണ് യു.എസിലെ ഡെമോക്രാറ്റുകള്‍ അറിയിച്ചത്.
ലെബനനെ പോലൊരു ചെറിയ രാജ്യത്തിന് ഇത്രയും വലിയ തുക കൈമാറിയതിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം പ്രതികരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ വിഷയത്തില്‍ യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപ് ഭരണകൂടം പലരാജ്യങ്ങള്‍ക്കുമുള്ള സഹായം വെട്ടിക്കുറക്കുകയും അമേരിക്കയുടെ പണം അമേരിക്കയ്ക്ക് വേണ്ടി തന്നെ ചെലവഴിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സമയത്ത് തന്നെ ഇത്ര വലിയ തുക ലെബനന് കൈമാറിയതാണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് മില്യണ്‍ കണക്കിന് തുക ചെലവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രഈലിന് മേഖലയില്‍ കനത്ത ഭീഷണിയുയര്‍ത്തുന്ന സംഘടനയാണ് ഹിസ്ബുല്ല.



