14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala Flood
14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ന്യൂസ് ഡെസ്‌ക്
Wednesday, 15th August 2018, 4:48 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളില്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന കോളെജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Also Read മഴക്കെടുതി; കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ഗതാഗതം ദുരിതത്തില്‍

സംസ്ഥാനമൊട്ടാകെ മഴ കനത്ത സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

വ്യോമ, കര, നാവിക സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താനും കടലില്‍ ഇറങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കനത്ത മഴയില്‍ സംസ്ഥാനമൊട്ടാകെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഉണ്ടാവുന്നത്. ഇന്ന് രാവിലെ മാത്രം ഒന്‍പത് പേരാണ് മരിച്ചത്. കൊച്ചി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടുണ്ട്.

ചിത്രം: മലപ്പുറം ആലത്തൂര്‍ എം.എം.ഇ.ടി സ്‌കൂള്‍.