30,000 കോടിയുടെ പൈതൃകഭൂമി രാംദേവിന്റെ സഹായിക്ക് 8.3 ലക്ഷം വാടകയ്ക്ക്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്
India
30,000 കോടിയുടെ പൈതൃകഭൂമി രാംദേവിന്റെ സഹായിക്ക് 8.3 ലക്ഷം വാടകയ്ക്ക്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 3:21 pm

ഡെറാഡൂണ്‍: പതഞ്ജലി സ്ഥാപകന്‍ ബാബ രംദേവിന്റെ സഹായിക്ക് 30,000 കോടി രൂപ വിലമതിക്കുന്ന 142 ഏക്കര്‍ പൈതൃകഭൂമി അനധികൃതമായി വാടകയ്ക്ക് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.

ഒരു വര്‍ഷത്തിന് ഒരു കോടി രൂപയെന്ന ചെറിയ നിരക്കിലാണ് ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണയുമായി ബന്ധമുള്ള സ്വകാര്യകമ്പനിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. മസൂറിയിലെ ജോര്‍ജ് എവറസ്റ്റ് എസ്‌റ്റേറ്റ് എന്ന പൈതൃകഭൂമിയാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

ബാലകൃഷ്ണയുമായി അടുത്തബന്ധമുള്ള രാജാസ് എയറോസ്‌പോര്‍ട്‌സ് ആന്റ് അഡ്വഞ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 15 വര്‍ഷത്തേക്കാണ് ജോര്‍ജ് എവറസ്റ്റ് എസ്‌റ്റേറ്റ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

ഒരു വര്‍ഷത്തിന് ഈടാക്കുന്നത് ഒരു കോടി രൂപ മാത്രമാണ്. മുമ്പ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നും 23.5 കോടി രൂപ ലോണെടുത്താണ് ജോര്‍ജ് എസ്‌റ്റേറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

23 കോടി രൂപ കടമെടുത്ത് മോടികൂട്ടല്‍ നടത്തിയ ശതകോടികള്‍ വിലവരുന്ന ഭൂമിയാണ് ജോര്‍ജ് എവറസ്റ്റ് എസ്‌റ്റേറ്റ്. ഈ ഭൂമി സ്വകാര്യകമ്പനിക്ക് 15 കോടി രൂപയ്ക്ക് 15 വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കിയത് എന്തുതരം വികസനപ്രവര്‍ത്തനമാണ്? ഇക്കാര്യം സര്‍ക്കാരും സംസ്ഥാന ടൂറിസം വകുപ്പും വ്യക്തമാക്കണമെന്ന് ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവ് യഷ്പാല്‍ ആര്യ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇത് സംസ്ഥാനം കണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിയെന്ന് യു.പി.സി.സി (ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) അധ്യക്ഷന്‍ കരണ്‍ മഹറ ആരോപിച്ചു. ഇത് ബി.ജെ.പിയുടെ മുതലാളിത്ത മനോഭാവത്തിനുള്ള തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോര്‍ജ് എവറസ്റ്റ് എസ്‌റ്റേറ്റ് അഴിമതി സി.ബി.ഐ അന്വേഷിക്കണം. ബി.ജെ.പി സര്‍ക്കാര്‍ ഉത്തരാഖണ്ഡിനെ കൊള്ളയടിയുടെ കൂടാരമാക്കി മാറ്റി. കോണ്‍ഗ്രസ് തെരുവില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് വേണ്ടി നീതിക്കായി പോരാടുമെന്നും മഹറ പറഞ്ഞു.

2022 ഡിസംബറില്‍ ഉത്തരാഖണ്ഡ് ടൂറിസംവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചത് പ്രകാരമെത്തിയത് ആകെ മൂന്ന് കമ്പനികളാണ്. രാജാസ് എയറോസ്‌പോര്‍ട്‌സ് ആന്റ് അഡ്വഞ്ചറസ് ഓര്‍ഗാനിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭറുവ അഗ്രി സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതി ഓര്‍ഗാനിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്ന് കമ്പനികളും രാംദേവിന്റെ സഹായി ബാലകൃഷ്ണയുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ഇത് ടെന്‍ഡര്‍ നിയമാവലിയുടെ വ്യക്തമായ ലംഘനമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പത്രക്കുറിപ്പിലൂടെ ആരോപിച്ചു.

അതേസമയം, ടെന്‍ഡര്‍ നല്‍കിയതുള്‍പ്പടെയുള്ള ജോര്‍ജ് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രതികരിച്ചു.

‘കോണ്‍ഗ്രസിന്റെ ആരോപണം നുണകള്‍ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി വാടകയ്ക്ക് നല്‍കിയത്’, ഉത്തരാഖണ്ഡ് ബി.ജെ.പിയുടെ മാധ്യമ ചുമതലയുള്ള മന്‍വീര്‍ സിങ് ചൗഹാന്‍ പറഞ്ഞു.

Content Highlight: Heritage land worth Rs 30,000 crores given on lease to Baba Ramdev’s assistant for Rs 8.3 lakh; Congress against Uttarakhand government