വാഷിങ്ടണ്‍: ആണവമോഹങ്ങള്‍ ഉപേക്ഷിച്ച് ധാരണയിലെത്തുകയോ അല്ലെങ്കില്‍ വിനാശകരമായ സൈനിക നടപടികള്‍ വേണമോ എന്ന് ഇറാന് തീരുമാനിക്കാമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ടെന്നസി സര്‍വകലാശാലയിലെ റിസര്‍വ് ഓഫീസേഴ്‌സ് ട്രെയിനിങ് കോര്‍പ്‌സിലെ കേഡറ്റുകളോടും സൈനിക റിക്രൂട്ടുകളോടും സംസാരിക്കുകയായിലുന്നു ഹെഗ്‌സെത്.

‘അമേരിക്ക വരുത്തുന്ന തരത്തിലുള്ള നാശനഷ്ടങ്ങള്‍ നേരിടണോ അതോ ആണവമോഹങ്ങള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ ഇറാന്‍ വളരെ വേഗം തീരുമാനമെടുക്കേണ്ടി വരും’, ഹെഗ്‌സെത് പറഞ്ഞു.

‘ആണവമോഹങ്ങള്‍’ പിന്തുടരുമ്പോള്‍ തന്നെ സൈനിക നടപടികള്‍ നേരിടുന്നതിനായി ഇറാന്‍ വലിയ മിസൈല്‍ ശേഖരം കെട്ടിപ്പടുക്കുകയാണെന്നും എതിരാളികളെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാക്കാന്‍ യു.എസ് സൈനിക ശക്തി അനിവാര്യമാണെന്നും ഹെഗ്‌സെത് പറഞ്ഞു.

ഹിസ്ബുള്ളയിലെ സായുധസംഘങ്ങള്‍ക്കും യെമനിലെ ഹൂത്തികള്‍ക്കും ഇറാന്‍ ധനസഹായം നല്‍കുന്നുവെന്ന് പറഞ്ഞ ഹെഗ്‌സെത് അമേരിക്കന്‍ സൈനികര്‍ക്കും കപ്പല്‍ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങള്‍ തടയാനാണ് വാഷിങ്ടണ്‍ ശ്രമിച്ചിട്ടുള്ളതെന്ന് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ ആഗോള ശക്തി വീണ്ടും ഉറപ്പിക്കാനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായാണ് ഇറാനോടുള്ള നയത്തെ ഹെഗ്‌സെത്ത് അവതരിപ്പിച്ചത്. മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നേരിടുന്നതും ലാറ്റിനമേരിക്കയില്‍ ഇറാന്‍, ചൈന, റഷ്യ എന്നിവയുടെ സ്വാധീനം പരിമിതപ്പെടുത്തുന്നതും ഈ നീക്കത്തിന്റെ ഭാഗമാണെന്നും ഹെഗ്‌സെത് പറഞ്ഞു.

വെനസ്വേലയുടെ എണ്ണ സമ്പത്ത് ചൂണ്ടിക്കാട്ടി അവര്‍ അമേരിക്കയുടെ സുപ്രധാന നയതന്ത്ര പങ്കാളിയാകുമെന്നും അവിടെ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് ‘തലമുറകള്‍ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമെന്നും ഹെഗ്‌സെത് പറഞ്ഞു.

വെസ്റ്റേണ്‍ ഹെമിസ്ഫിയറില്‍ എതിരാളികളെ പുറത്താക്കുമെന്ന് പറഞ്ഞ ഹെഗ്‌സെത് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുടനീളം സൈനികസാന്നിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

Content Highlight: Hegseth says Iran has choice between deal or ‘devastation’