കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ പഠന ബോർഡ് പുനസംഘടനയിൽ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയിലെ പ്രതിനിധികളെ വൻതോതിൽ ഉൾപ്പെടുത്തിയ നടപടിയ്ക്കെതിരെ രൂക്ഷവിമർശനം.
യു.ഡി.എഫ് അനുകൂല സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ നടന്ന പുനസംഘടനയിൽ സംഘപരിവാർ സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിലെ 32 അധ്യാപകരാണ് വിവിധ ബോർഡുകളിൽ ഇടംപിടിച്ചത്.
നടപടിക്കെതിരെ കടുത്ത വിമർശനവുമായി എസ്.എഫ്.ഐ ഉൾപ്പെടെയുള്ള ഇടത് സംഘടനകൾ രംഗത്തെത്തി. പുനസംഘടനാ പട്ടികയിൽ മരിച്ച വ്യക്തിയുടെ പേര് ഉൾപ്പെട്ടതും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവകലാശാലയ്ക്ക് കീഴിലെ ബിരുദ, ബിരുദാനന്തര സിലബസുകൾ രൂപീകരിക്കുന്നതിലും പ്രധാന അക്കാദമിക് നയങ്ങൾ നിശ്ചയിക്കുന്നതിലും നിർണായക ചുമതല വഹിക്കുന്ന സമിതിയാണ് ബോർഡ് ഓഫ് സ്റ്റഡീസ്.
ചരിത്രത്തിലാദ്യമായാണ് സംഘപരിവാർ അധ്യാപക സംഘടനയ്ക്ക് പഠന ബോർഡുകളിൽ ഇത്രയധികം പ്രാതിനിധ്യം ലഭിക്കുന്നത്. രണ്ട് ബോർഡുകളുടെ ചെയർപേഴ്സൺ സ്ഥാനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ട്.
അർഹതയും അക്കാദമിക മികവുമുള്ള അധ്യാപകരെയും വിവിധ ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യത്തെയും തഴഞ്ഞ് പൂർണമായും രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു.
കാലിക്കറ്റിൽ സംഘപരിവാറിന് ലീഗ്-കോൺഗ്രസ് സമ്മാനമാണ് നൽകിയിരിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചു.
സംഘപരിവാർ സംഘടനകൾക്ക് കേരളത്തിലെ സർവകലാശാലകളെ എഴുതിനൽകാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും എസ്.എഫ്.ഐ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ ലീഗും കോൺഗ്രസ്സും എന്ത് അടിസ്ഥാനത്തിലാണീ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്? സിലബസിൽ ഗോഡ്സെയും സവർക്കറും സംഘപരിവാർ ചരിത്ര ആഖ്യാനങ്ങളും ഉൾപ്പെടുത്താൻ പറയുമ്പോൾ എം.എസ്.എഫും കെ.എസ്.യുവും പച്ച ലഡ്ഡു വിതരണം ചെയ്യുമായിരിക്കും. സംഘികൾ മുട്ടിൽ നിൽക്കാൻ പറഞ്ഞാൽ നിലത്ത് ഇഴയുന്നവരാണ് യു.ഡി.എഫ്,’ എന്ന് സഞ്ജീവ് വിമർശിച്ചു.
പുനസംഘടനാ പട്ടികയിൽ മരണപ്പെട്ട വ്യക്തിയുടെ പേര് ഉൾപ്പെടുത്തിയതിനെതിരെയും എസ്.എഫ്.ഐ പരിഹാസമുയർത്തി. ‘മരണത്തിലും തുടരുന്ന സംഘസ്നേഹം’ എന്ന അടിക്കുറിപ്പോടെയാണ് ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങളിലെ ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സഞ്ജീവ് മറ്റൊരു പോസ്റ്റ് പങ്കുവെച്ചത്.
യാതൊരുവിധ പരിശോധനയും നടത്താതെ തട്ടിക്കൂട്ടിയാണ് പട്ടിക തയ്യാറാക്കിയതെന്ന ആരോപണത്തിന് ഇത് കൂടുതൽ ബലം നൽകുന്നു.
കോൺഗ്രസ്-മുസ്ലിം ലീഗ് സിൻഡിക്കേറ്റ് അംഗങ്ങളും സർവകലാശാലാ ഭരണനേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് ഇടത് സംഘടനകളുടെ പ്രധാന ആരോപണം. സംഭവത്തിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് വിദ്യാർഥി-അധ്യാപക സംഘടനകളുടെ തീരുമാനം.
Content Highlight:Heavy representation for Sangh Parivar-affiliated teachers on Calicut University’s Boards of Studies; SFI levels sharp criticism against the Syndicate.
