മഴക്കെടുതി ശിശു സൗഹൃദ ഇടങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസയിലുടനീളമുള്ള 30,000 കുട്ടികളെ ഇത് ബാധിച്ചിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പുനരാരംഭിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും ഫർഹാൻ ഹഖ് ആവശ്യപ്പെട്ടു.
തെരുവുകളിലെ മലിന ജലത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി മേഖലയിൽ അറ്റകുറ്റപണികൾ നടക്കുന്നുണ്ടെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.
ഗസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനായി അടിയന്തരവും നിയന്ത്രണമില്ലാത്തതുമായ പ്രവേശനം വേണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ഇസ്രഈലിന്റെ നിയന്ത്രണത്തെ തുടർന്ന് എല്ലാ മേഖലകളിലെ ജനങ്ങൾക്കും മാനുഷിക സഹായം എത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ (ഐ.ഒ.എം) റിപ്പോർട്ട് ചെയ്തു.
ഗസയിൽ നിന്നും പലായനം ചെയ്ത കുടുംബങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്നും അവരുടെ താത്കാലിക അഭയകേന്ദ്രങ്ങളിൽ ശൈത്യകാല ബുദ്ധിമുട്ടുകളുണ്ടെന്നും ഐ.ഒ.എം പറഞ്ഞു.
ഗസയിലേക്കുള്ള ടെന്റുകൾ, പുതപ്പുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ തയ്യാറാണെന്ന് യു.എൻ പറഞ്ഞിരുന്നു. എന്നാൽ അതിർത്തിയിൽ ഇസ്രഈൽ നിയന്ത്രണങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
മാനുഷിക പ്രവർത്തനങ്ങൾക്കുള്ള തടസങ്ങൾ അവസാനിപ്പിക്കാൻ ഇസ്രഈലിനോട് ഐക്യരാഷ്ട്രസഭയും സഹായ ഗ്രൂപ്പുകളും നിരന്തരമായി ആവശ്യപ്പെടുന്നു.
Content Highlight: Heavy rains in Gaza; 55,000 families in distress, says UN