ശക്തമായ മഴ തുടരുന്നതിനാല്‍ കൂടുതല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
kERALA NEWS
ശക്തമായ മഴ തുടരുന്നതിനാല്‍ കൂടുതല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 1:46 pm

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി ഉച്ചയ്ക്കു ശേഷം കലക്ടര്‍ അവധി പ്രഖ്യാപിക്കുകയായിരുന്നു.

ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ പ്രൊഫഷണല്‍ കോളെജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.
കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നേരത്തെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ അംഗനവാടികള്‍ക്കും സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അവധി.

തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ