സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ഇടങ്ങളിൽ യെല്ലോ അലേർട്ട്
Kerala News
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ഇടങ്ങളിൽ യെല്ലോ അലേർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th June 2025, 7:31 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറബിക്കടലിനു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരള തീരത്ത് കടൽക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് വന്നിട്ടുണ്ട്. അതേസമയം കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മുല്ലപ്പെരിയാർ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10 മണി മുതൽ സെക്കൻ്റിൽ 1,000 ഘനയടി വെള്ളം വരെ തുറന്ന് വിടും. നിലവിൽ ജലനിരപ്പ് 136.10 അടിയാണ്. ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം 136 അടി പിന്നിട്ടാൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശമുണ്ട്. ആശങ്ക വേണ്ടന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ പ്രളയ സാധ്യത മേഖലകളില്‍ നിന്നും അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

Content Highlight: Heavy rain likely in the state today; Yellow alert in five places