തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്നു; രണ്ട് മരണം, നാല് പേര്‍ മണ്ണിനടിയില്‍
Kerala News
തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്നു; രണ്ട് മരണം, നാല് പേര്‍ മണ്ണിനടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 7:46 am

തൊടുപുഴ: തൊടുപുഴ കുടയത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നഷ്ടം. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറ്റടിച്ചാലില്‍ സോമന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍പ്പെട്ടു.

ഇതില്‍ തങ്കമ്മയുടെ മൃതദേഹവും സോമന്റെ മകളുടെ മകന്‍ നാല് വയസുള്ള ആദിദേവിന്റെ മൃതദേഹവും കണ്ടെടുത്തു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കുടുംബത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. ഈ മഴക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടി എത്തിയത്.

ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. സ്ഥലത്ത് ഭയങ്കരമായ രീതിയില്‍ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ് അറിയിച്ചു.