നോമ്പെടുക്കാത്ത ആരോഗ്യമുള്ളവര്‍ ക്രിമിനലുകള്‍, ഷമിക്കെതിരെ മുസ്‌ലിം പണ്ഡിതന്‍; യാത്രയിലായാല്‍ നോമ്പെടുക്കേണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരു വിഭാഗം
ന്യൂദല്‍ഹി: ഐ.സി.സി ചാമ്പ്യന്‍ ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ വെള്ളം കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വിദ്വേഷ പരമാര്‍ശവുമായി മുസ്‌ലിം പണ്ഡിതന്‍. വ്രതം എടുക്കാത്ത ആരോഗ്യമുള്ളവര്‍ ക്രിമിനലുകള്‍ ആണെന്നും അവര്‍ ദൈവത്തിന് മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞ് അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാനം റസ്‌വിയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്.
‘വ്രതം എടുക്കാത്തതിലൂടെ അദ്ദേഹം ഒരു കുറ്റമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. ശരീഅത്ത് നിയമത്തിന് മുമ്പില്‍ അദ്ദേഹം ഒരു ക്രിമിനല്‍ ആണ്. അദ്ദേഹം ദൈവത്തിനോട് മറുപടി പറയേണ്ടി വരും.
ആളുകള്‍ അവനെ നോക്കുന്നുണ്ടായിരുന്നു. അവന്‍ കളിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവന്‍ ആരോഗ്യവാനാണെന്നാണ്. അത്തരമൊരു അവസ്ഥയില്‍, അവന്‍ വ്രതം നോറ്റില്ല, വെള്ളം പോലും കുടിച്ചു. ഇത് ആളുകള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നു,’ മൗലാനാം ശഹാബുദീന്‍ റസ്‌വി എ.എന്‍.ഐയോട് പറഞ്ഞു.
നോമ്പ് എടുക്കണം എന്നത് നിര്‍ബന്ധമായ കടമയാണെന്നും അത് പാലിക്കാത്ത ഏതൊരാളും കുറ്റവാളിയാണെന്നും ശഹാബുദീന്‍ റസ്‌വി അഭിപ്രായപ്പെട്ടു.
നിര്‍ബന്ധമായും പാലിക്കേണ്ട കടമകളില്‍ ഒന്നാണ് വ്രതമെന്നും ആരോഗ്യമുള്ള ഏതെങ്കിലും പുരുഷനോ സ്ത്രീയോ അതാചരിക്കുന്നില്ലെങ്കില്‍ അവര്‍ വലിയ കുറ്റവാളികളാകുമെന്നും മൗലാനാം ശഹാബുദ്ദീന്‍ പറഞ്ഞിരുന്നു.
വിവാദത്തില്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഖാലിദ് റാഷിദ് രംഗത്തെത്തിയിട്ടുണ്ട്. മുഹമ്മദ് ഷമി കളിക്കുന്നതിനാല്‍ അദ്ദേഹത്തിന് വ്രതം എടുക്കാതിരിക്കാന്‍ അവസരമുണ്ടെന്നും ക്രിക്കറ്റ് കളിക്കാരനെതിരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗമായ മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹ്ലി പറഞ്ഞു.
‘എല്ലാ മുസ്‌ലിങ്ങളും വ്രതം നോല്‍ക്കേണ്ടത് നിര്‍ബന്ധമാണ്, പ്രത്യേകിച്ച് റമദാന്‍ മാസത്തില്‍. എന്നാല്‍ ഒരാള്‍ യാത്രയിലാണെങ്കിലും സുഖമില്ലെങ്കിലും നോമ്പ് എടുക്കാതിരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുഹമ്മദ് ഷമിയുടെ കാര്യത്തില്‍, അദ്ദേഹം യാത്രയിലായതിനാല്‍, വ്രതം എടുക്കാതിരിക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഷമിക്കെതിരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമില്ല,’ ഖാലിദ് റാഷിദ് പറഞ്ഞു.
ദുബായില്‍ വെച്ച് നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ മുഹമ്മദ് ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ചത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കാതെ വെള്ളം കുടിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷമാണ് വിവാദമുണ്ടായത്.
റമദാന്‍ മാസത്തില്‍ ഒരു മുസ്‌ലിം നോമ്പെടുക്കണമെന്നും ഈ പ്രവൃത്തിയില്‍ താരം മാപ്പുപറയണമെന്നാവശ്യപ്പെട്ടുകൊണ്ട് തീവ്രചിന്താഗതിക്കാരായ ചിലര്‍ രംഗത്തെത്തി. മുമ്പ് നോമ്പെടുത്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ഹാഷിം അംലയെ ഓര്‍മിപ്പിക്കാനും ഇക്കൂട്ടര്‍ മറന്നില്ല.
എന്നാല്‍ ഈ വിഷയത്തില്‍ ഷമിയെ പിന്തുണച്ചുകൊണ്ടും ആരാധകര്‍ രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനമാണ് ഷമി പുറത്തെടുത്തത്. പത്ത് ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് വേട്ട തുടങ്ങിയ ഷമി സ്റ്റീവ് സ്മിത്തിനെയും നഥാന്‍ എല്ലിസിനെയുമാണ് പുറത്താക്കിയത്.
ഓസീസിനെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും മുഹമ്മദ് ഷമിക്ക് സാധിച്ചു. ഐ.സി.സി 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് ഷമി കരുത്ത് കാട്ടിയത്. ടോപ് ഫൈവിലെ ഏക ഇന്ത്യന്‍ താരവും ഷമി മാത്രമാണ്.
Content Highlight: Healthy people who don’t fast are criminals and will have to answer to God; Muslim scholar against Muhammad Shami