മഴയെത്തും മുമ്പേ - ആരോഗ്യ ജാഗ്രത
helth
മഴയെത്തും മുമ്പേ - ആരോഗ്യ ജാഗ്രത
ഡോ. ജയ കൃഷ്ണന്‍
Sunday, 26th May 2019, 4:34 pm

മേയ് മാസത്തില്‍ നിപ ആക്രമണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി നെടുവീര്‍പ്പിടുന്ന കേരളം ഇനി ഇടവപ്പാതിക്കൊപ്പം മഴക്കാലരോഗ പ്രതിരോധത്തിന്റെ ചിറകെട്ടേണ്ട സമയമായിരിക്കുന്നു. മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ഇപ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ സാംക്രമികരോഗങ്ങളെ എളുപ്പം തിരിച്ചറിയാനും ‘ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനും വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ് ചെയ്യാനുമുള്ള പ്രാപ്തി കൈവരിച്ചത് അല്പം ധൈര്യം പകരുന്നുണ്ട്. അത്കൊണ്ടാണ് നിപക്ക് ശേഷം ‘വെസ്റ്റ്നെല്‍ ഫീവര്‍’ അമീബിക് മെനഞ്ചൈറ്റസ് എന്നീ അപൂര്‍വ്വ രോഗങ്ങള്‍ നിര്‍ണ്ണയിക്കപ്പെടാനും നിയന്ത്രിക്കപ്പെടാനും സാധ്യമാകുന്നത്.’ സാമക്രമിക രോഗങ്ങളുടെ അടിസ്ഥാന ഉറവിടങ്ങള്‍ നമ്മുടെ ജീവിത പരിസരങ്ങളും താമസ സ്ഥലങ്ങളും തൊഴിലിടങ്ങളും ഇടപെടലുകളും യാത്രകളും ചോര്‍ന്ന കോംപ്ലക്സ ഇക്കോളജിയാണ്.

ഇവയുടെ പ്രധാന പ്രവേശന വാതിലുകള്‍ ആശുപത്രികളുടേയും ഔഷധങ്ങളുടേയും ചികിത്സാപരിധിക്ക് പുറത്തായതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത് സാമൂഹ്യ പരിസരങ്ങളിലുമാണ്. ഇതില്‍ പാര്‍പ്പിടങ്ങളും പള്ളിക്കൂടങ്ങളും തൊഴിലിടങ്ങളും പെടും. രോഗചികിത്സ ക്കുപരി ഇവയുണ്ടാകുന്ന വഴി തടയലും ഇതിലേക്ക് നയിക്കുന്ന നിര്‍ണ്ണായക ഘടകങ്ങള്‍ നിയന്ത്രിക്കാനും ആവശ്യമെങ്കില്‍ അവയില്‍ ചിലത് മോഡിഫൈ ചെയ്യാനും നമ്മുടെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട ആചാരമാക്കി മാറ്റണം.

രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ സമയബന്ധിതമായി ചികിത്സ തേടുകയും രോഗം നിര്‍ണയിച്ച് ചികിത്സ ലഭ്യമാക്കുകയും, പകര്‍ച്ചവ്യാധിയുടെ വിരങ്ങള്‍ മറച്ചുവെക്കാതെ അറിയിക്കേണ്ടയിടത്ത് അറിയിക്കുകയും, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഉചിതമായി നടത്തപ്പെടുകയും ചെയ്യണം. ഇതിനായി ആരോഗ്യ സ്ഥാപനങ്ങളുടേയും, പ്രവര്‍ത്തകരേയും സംവിധാനങ്ങളേയും അത്തരത്തില്‍ സജ്ജമാക്കുകയും ചെയ്യണം. ഇതിന് രാഷ്ട്രീയ ഇച്ഛാശ്ക്തിയുള്ള ഭരണ നേതൃത്വവും പ്രതിബദ്ധതയുള്ള ആരോഗ്യപ്രവര്‍ത്തകരും സമൂഹവും വേണം. ഇങ്ങനെയുള്ള ചില ‘പോസിറ്റിവ്’ മാറ്റങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നതിന്റെ വിശകലനങ്ങളാണ് തുടര്‍ന്ന് വിവരിക്കുന്നത്.

കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ dhs.kerala.gov.in /indexphp/public health.html … ല്‍ സന്ദര്‍ശിച്ചാല്‍ ആര്‍ക്കും അതാത് ദിവസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രധാന പകര്‍ച്ച വ്യാധികളുടെ വിവരങ്ങള്‍ ജില്ല തിരിച്ച് രോഗബാധിതമായ പ്രദേശമടക്കം ലഭ്യമാകുന്നതാണ്.

2011 മുതലുള്ള വര്‍ഷങ്ങളിലെ ജില്ലാതിരിച്ചുള്ള വിവരങ്ങളും ട്രെന്‍ഡുകളും 2019 ജനുവരി തൊട്ട് ഏപ്രില്‍ 30 വരെയുള്ള വിവരങ്ങളും ക്രോഡീകരിച്ച് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തിനിടയില്‍ സംസ്ഥാനത്താകെ ഡെംഗു(260) എലിപ്പനി(225) മലമ്പനി (80) H1N1 (343) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.( ബ്രാക്കറ്റില്‍ എണ്ണം). മുന്‍ വര്‍ഷം2018 ല്‍ ഇവ യഥാക്രമം 4090. 2079, 908, 823 എണ്ണമാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യത്തെ 4 മാസത്തില്‍ H1N1 ഒഴികെയുള്ള മറ്റ് രോഗങ്ങളുടെ ശരാശരി വ്യാപനം കുറഞ്ഞാതായി കാണാം. ഇപ്പോള്‍ സാംക്രമിക രോഗ നിരീക്ഷണ/ സര്‍വ്വൈലന്‍സിന്റെ (ID SP) ഭാഗമായി വാര്‍ഡ് തലത്തില്‍ വീടുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും രോഗങ്ങളുടെ വിവരങ്ങള്‍ ആശ വര്‍ക്കര്‍മാരും, ജെ.പി.എച്ച്. എന്‍, ജെ.എച്ച്.ഐ, തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരും ശേഖരിച്ച് പി.എച്ച്.സികളിലെത്തിക്കുകയും പ്രത്യേക ഫോര്‍മ്മാറ്റില്‍ അവിടെ നിന്നും ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും എത്തിക്കുന്നതിനാല്‍ എവിടെയെങ്കിലും രോഗപടര്‍ച്ചയുണ്ടാകുമ്പോള്‍ outbreak ഉണ്ടാകുമ്പോള്‍ 24 മണിക്കൂറില്‍ നടപടികളെടുക്കാനാകുന്നുണ്ട്. വലിയ തോതില്‍ Outbreak കള്‍ ഉണ്ടാകുമ്പോള്‍ ജില്ലാതലത്തില്‍ Rapid response ടീമൂം പ്രവര്‍ത്തനക്ഷമമായുണ്ട്.

പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചും /കേട്ട്കേള്‍വിയായും വരുന്ന പകര്‍ച്ചവ്യാധി വാര്‍ത്തകള്‍ നിരീക്ഷണ വിധേയമാക്കുകയും ആവശ്യമായ നടപടികള്‍ ഐ ടുുക്കുകയും ചെയ്യുന്നുണ്ട് ‘ അവ യുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഔദ്യോഗികവും സുതാര്യവുമായി നല്‍കപ്പെടുകയും ചെയ്യുന്നുണ്ട്. പനിമരണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ റലമവേ മൗറശ േചെയ്യപ്പെടുകയും ചെയ്യുന്നുമുണ്ട്. ഇങ്ങനെയുള്ള വിവരങ്ങളാണ് വെബ് പോര്‍ട്ടലില്‍ ആര്‍ക്കും ലഭ്യമാക്കുന്നത്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ‘ആരോഗ്യജാഗ്രത’ എന്ന ക്യാംപയിന്‍ പ്രതിദിനം പ്രതിരോധം തീര്‍ത്ത് ഇവിടെ നടത്തിവരുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തന മേഖലകള്‍ -വ്യക്തി ശുചിത്വം, പരിസര ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ള സ്രോതസ്സ് സംരക്ഷണം ഉറവിടം നശീകരണം പൊതുമാലിന്യ സംസ്‌കരണം ശൃംഖല രൂപപ്പെടുത്തുക എന്നിവയാണ്. ഇതിനായി നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്ക് കരുത്തു പകരാനും സ്വീകാര്യത കൂട്ടാനും തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍/ പാദേശികമായി 15 തൊട്ട് 20 വരെ വീടുകള്‍ക്ക് ഒന്നു വീതം സന്നദ്ധ പ്രവര്‍ത്തകരെ ചേര്‍ത്ത് ആരോഗ്യ സേന രൂപീകരിച്ചിട്ടുണ്ട്. ഈ സേനാംഗങ്ങള്‍ ആശ- ആരോഗ്യ- അംഗന്‍വാടി പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ എന്നിവരുടെ പിന്തുണയോടെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. പ്രളയാന ന്തരം ഇവിടെ വലിയ തോതില്‍ പകര്‍ച്ചവ്യധികള്‍ പടരാതിരിക്കാന്‍ ഈ സോഷ്യല്‍ ക്യാപിറ്റല്‍ വലിയൊരു പ്രതിരോധമായിരുന്നു. വീടുകളിലെ ആരോഗ്യപ്രശനങ്ങള്‍ നിരീക്ഷിക്കുക, കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേര്‍ന്ന് നടപ്പിലാക്കുകയും ചെയ്ത് വരുന്നുണ്ട്. ആരോഗ്യ സ്ഥാപനങ്ങളുടെ (സബ്ബ് സെന്റര്‍, പി.എച്ച്.സി) പ്രവര്‍ത്തനങ്ങളില്‍ വല്ല പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടാനും ഇവര്‍ ഇടപെടല്‍ നടത്തുന്നുണ്ട്.

ആരോഗ്യജാഗ്രതയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഷിക കലണ്ടര്‍ കാലേക്കൂട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം കഴിഞ്ഞ ഡിസംബറില്‍ തന്നെ വാര്‍ഷിക രോഗ സ്ഥിതി അവലോകനം നടത്തി ജില്ലകള്‍ /പഞ്ചായത്തുകള്‍ തലത്തില്‍ 2019 ലെ കര്‍മ്മ പദ്ധതി (action plan) രൂപപ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ തന്നെ പ്രാദേശികമായി പകര്‍ച്ചവ്യാധി ബാധിത മേഖലകളുടെ hotspotകള്‍ കണ്ടെത്തി risk mapping നടത്തുകയും ജല ദൗര്‍ലഭ്യ പ്രദേശങ്ങള്‍ തിരിച്ചറിയു കയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ രോഗപ്രതിരോധ യത്നത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശയാത്രകളും ഗൃഹ സന്ദര്‍ശന പരിപാടികളും നടത്തപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ തോട്ടം മേഖലകളിലും , കെട്ടിട നിര്‍മ്മാണ ഇടങ്ങളിലും കൊതുകിന്റെ ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്.കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളില്‍ ശുദ്ധീകരണ ക്യാംപെയിനുകളും, കുടിവെള്ള വിതരണവും ആശുപത്രികളില്‍ അണുനശീകരണ ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്. ഇനി ജൂണ്‍ ജൂലൈ മാസങ്ങളില്‍ മലമ്പനി – ഡെംഗു വിരുദദ്ധ മാസങ്ങളായി ആചരിക്കാനും ആഴ്ചകള്‍ തോറും ഡ്രൈ ഡേകള്‍ ആചരിക്കാനും സ്‌കൂള്‍കുട്ടികള്‍ക്കായി കര്‍മ്മപരിപപാടികള്‍ നടത്താനും പരിപാടികളുണ്ട്.

ജൂണോടു കൂടി സ്‌കൂളുകള്‍ പരിശോധിച്ച് കുടിവെള്ള ലഭ്യത പരിഹരിക്കാനും ടോയിലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും ലഭ്യത ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കിഴിലുള്ള പൊതുകിണറുകളിലെ water quality പരിശോധിച്ച് ഉറപ്പുവരുത്താനും, ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകള്‍ water quality certificate ഉം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കുകള്‍ ലോറികള്‍ എന്നിവക്ക് ലൈസന്‍സ് ലഭിക്കാന്‍ water qualtiy സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. – ജലജന്യ ഭക്ഷ്യജന്യ കൊതുക് ജന്യ രോഗ നിയന്ത്രണങ്ങള്‍ക്ക് ഇതൊക്കെ ആവശ്യവുമാണ്.

നിരന്തരയാത്രകളും (mobiltiy) അടുക്കളക്ക് പുറത്ത് വഴിവക്കുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഓര്‍ഡര്‍ നല്‍കിയും ആഹാരങ്ങള്‍ ശീലമാക്കുമ്പോള്‍ വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, കോളറ, ഭക്ഷ്യവിഷബാധകള്‍ , ഇവ ക ള്‍ ക്ക് സാധ്യതകളേറെയാണ്. ഇതു തടയാനായി ലൈസന്‍സിനായി ഭക്ഷ്യസുരക്ഷാ നിയമങ്ങളും ആരോഗ്യവകുപ്പ്- ഭക്ഷ്യവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ പരിശോധനകളും കാര്യക്ഷമമാക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ നമ്മള്‍ വായിച്ചറിയുന്നുണ്ട്.

കേരളത്തിലെ പകര്‍ച്ചവ്യാധികളുടെ ഗതി നിശ്ചയിക്കുന്നതിലും ഇവിടെയില്ലാത്ത എക്‌സോട്ടിക് രോഗാണുക്കള്‍ introduce ചെയ്യാനും ലക്ഷക്കണക്കിനുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ സാനിധ്യം കാരണമാകുന്നുണ്ട്. ( ഉദാ: മലമ്പനി, കാലാ അസാര്‍…). ഇവിടെയുള്ള വൃത്തിഹീനമായ ‘പാര്‍പ്പിട’-‘തൊഴില്‍’ പരിസരങ്ങളില്‍ നിന്നും അവര്‍ക്ക് രോഗം പകര്‍ന്ന് കിട്ടുന്നു മുണ്ട്. ( ഉദാ: മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കു).

ഇവ നിയന്ത്രിക്കുന്നതിന് അവരുടെ താമസ സ്ഥലങ്ങള്‍ പരിശോധിച്ച് ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പിക്കാന്‍ കെട്ടിട ഉടകള്‍ക്ക് നിര്‍ദ്ദേശങ്ങളും താക്കീതുകളും നല്‍കാനും തൊഴിലിടങ്ങളില്‍ രോഗജന്യമല്ലാത്ത പരിസരം ഉറപ്പാക്കാനും ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും പൊലീസ് വകുപ്പും സഹകരിച്ച് പ്രത്യേകം ശ്രദ്ധ നല്‍കി വരുന്നുണ്ട്. ‘ഗരിമ‘ എന്ന പേരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രക്ത പരിശോധന അടക്കമുള്ള വൈദ്യപരിശോധനകളും , മരുന്ന്, ഹെല്‍ത്കാര്‍ഡ് വിതരണവും പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തുടര്‍ച്ചയായി നടത്തിവരുന്നുണ്ട്. വാര്‍ഡ്/ റെസിഡന്‍സ് അസോസിയേഷന്‍ തലത്തില്‍ പാഴ് വസ്തു സംസ്‌കരണത്തില്‍ എം.ആര്‍.എഫ് സെന്ററുകളും പുനരുപയോഗം ചെയ്യേണ്ട വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യാനായി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോള്‍ സംസ്ഥാനം മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ തിരക്കിലാണ്. കുടിവെള്ളം, ഭക്ഷ്യശുചിത്വം, മാലിന്യമാനേജ്‌മെന്റ്, കൊതുക് നിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുറേയേറെ സാംക്രമിക രോഗങ്ങളെ നിയന്ത്രി ക്കാനായിട്ടുണ്ട്. എന്നാല്‍ രോഗികളില്‍ നിന്ന് നേരിട്ട് മറ്റൊരാളിലേക്ക് പകരുന്ന എച്ച്1 എന്‍1 പോലുള്ള പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കാന്‍ വോളണ്ട്‌റി ക്വാറന്‍ടൈന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തുടങ്ങിയ…. ഉചിതമായ സിക്‌നസ് ബിഹേവിയറുകളും സമൂഹം ശീലമാക്കേണ്ടതുണ്ട്. പനി ലക്ഷണമുണ്ടാകുമ്പോള്‍ പുറത്തിറങ്ങാതെ വിശ്രമിക്കുക, രോഗലക്ഷണമുള്ളവരുമായി നിശ്ചിത അകലം പാലിക്കുക, യാത്രകള്‍ ഒഴിവാക്കി അടുത്തുള്ള ചികിത്സ തേടുക തുടങ്ങിയവ.

പൊതുജനാരോഗ്യത്തില്‍ ഭീഷണിയായിട്ടുള്ള രോഗങ്ങള്‍ക്കും (എച്ച്1 എന്‍1, ഡെങ്കു, എലിപ്പനി, മലമ്പനി തുടങ്ങിയവ ) അവയുടെ രോഗലക്ഷണങ്ങള്‍ക്കും ചികിത്സക്കുംപരിശോധനകള്‍ക്കും റഫറലുകളടക്കം വിവിധതലത്തില്‍ ആരോഗ്യ വകുപ്പില്‍ പ്രോട്ടോകോളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുമുണ്ട്. രോഗികളില്‍ നിന്ന് അതിനനുസരിച്ച് പരിശോധനക്കായി സാമ്പിളുകല്‍ ശേഖരിച്ച് വിവിധ ലാബുകളിലേക്ക് അയക്കാനായും സമയബന്ധിതമായി റിസള്‍ട്ടുകല്‍ എത്തിക്കാനും ക്ലിയര്‍കട്ട് നിശ്ചിത ചാനലുകള്‍ ഉണ്ട്.കേരളത്തിലെ ജില്ലകളിലെ പബ്ലിക്ക് ഹെല്‍ത്ത് ലാബുകളിലും മെഡിക്കല്‍ കോളേജുകളിലും ഇവ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇവിടെ ലഭ്യമായിട്ടില്ലാത്ത വിദഗ്ധ പരിശോധന സൗകര്യങ്ങള്‍ ആലപ്പുഴയിലെ വൈറോളജി സെന്ററിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളുമായി പ്രധാനരോഗ ചികിത്സകളിലും മെഡിക്കല്‍ വിവരങ്ങള്‍ കൈമാറുന്നതിലും പരസ്പരം റഫറലുകളും രോഗികള്‍ക്ക് ചിലവില്ലാതെ സഹകരണത്തോടെ സാധ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഡോക്ടര്‍മാരേയും നേഴ്സുമാരുടേയും ഒഴിവുകള്‍ നികത്തപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് ജില്ലാ തലത്തില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാരെ പൊതു ജനാരോഗ്യം ലക്ഷ്യം വെച്ച് ഈ വര്‍ഷം വിന്യസിക്കപ്പെട്ടിട്ടുമുണ്ട്.

ഭാവിയിലേക്ക് ചൊട്ടയിലെ ശീലം ചുടല വരെ തത്വത്തില്‍ ചെറുപ്രായത്തിലെ കുട്ടികളെ കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  പെന്‍സില്‍  പാദ്ധതിക്ക് കീഴില്‍ ട്രെയിനിംഗും അവരില്‍ ആരോഗ്യ അംബാസിഡര്‍മാരേയും വാര്‍ത്തെടുക്കുന്നുണ്ട്.

തദ്ദേശഭരണ പ്രദേശങ്ങളില്‍ പി.എച്ച്.സി യുടെ പരിധികള്‍ക്കുള്ളില്‍ താമസിക്കുന്ന കുടുബങ്ങളിലെ മുഴുവന്‍ അംഗള്ളുടേയും ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് ഇലക്ട്രോണിക്ക് ഡാറ്റാബേയ്സ് ഉണ്ടാക്കാനും. എവിടെ നിന്നും അക്സസ് ചെയ്യാനും ഇ-ഹെല്‍ത് പരിപാടി സംസ്ഥാനത്ത് നടന്ന് വരുന്നുണ്ട്.

ഇതോടൊപ്പം ഓരോ കേരളീയരുടേയും ആരോഗ്യസാക്ഷരതയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലും /ഉപഭോഗത്തിലും, രോഗമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉണ്ടാകേണ്ട ഉയര്‍ന്ന പൗരബോധത്തിലൂന്നിയ ശീലങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും നമ്മള്‍ സാംക്രമിക രോഗനിയന്ത്രണം സാധ്യമാക്കേണ്ടതുണ്ട്.

ഡോ. ജയ കൃഷ്ണന്‍
അഡീഷണല്‍ പ്രൊഫസര്‍ കമ്മൂണിറ്റി മെഡിസിന്‍ വിഭാഗം ഗവ: മെഡിക്കല്‍ കോളേജ് - കോഴിക്കോട്-