ഭോപ്പാലിലെ എയിംസിൽ മരുന്ന് വാങ്ങലിൽ വൻ ക്രമക്കേടുകൾ; അന്വേഷണം നടത്തി ആരോഗ്യ മന്ത്രാലയം
national news
ഭോപ്പാലിലെ എയിംസിൽ മരുന്ന് വാങ്ങലിൽ വൻ ക്രമക്കേടുകൾ; അന്വേഷണം നടത്തി ആരോഗ്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2025, 8:55 am

ഭോപ്പാൽ: ഭോപ്പാലിലെ എയിംസിൽ മരുന്ന് വാങ്ങലിൽ വൻ ക്രമക്കേടുകൾ നടന്നെന്നുള്ള വിമർശങ്ങൾക്ക് പിന്നാലെ അന്വേഷണം നടത്തി ആരോഗ്യ മന്ത്രാലയം.

ദൽഹിയിൽ നടന്ന യോഗത്തിൽ എയിംസ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം എയിംസ് ഭോപ്പാലിൽ എത്തി അന്വേഷണം നടത്തുകയായിരുന്നു. കേന്ദ്ര സംഘം മരുന്നുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ സംഘം കണ്ട് മരുന്ന് വാങ്ങലിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എയിംസ് ഭോപ്പാൽ കേന്ദ്ര സർക്കാർ നിയമങ്ങൾ പാലിക്കാതെ നേരിട്ട് മരുന്നുകൾ വാങ്ങിയതായി സ്ഥാപനത്തിനെതിരെ ആരോപണമുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ എയിംസുകളെ അപേക്ഷിച്ച് എയിംസ് ഭോപ്പാൽ വാങ്ങുന്ന മരുന്നുകളുടെ വില വളരെ കൂടുതലാണെന്ന് ഭോപ്പാൽ എം.പി അലോക് ശർമ തന്റെ പരാതിയിൽ പരാമർശിച്ചു.

ഭോപ്പാൽ എയിംസ് ജെംസിറ്റബൈൻ കുത്തിവെപ്പ് 2100 രൂപക്കാണ് വാങ്ങിയതെന്നും ഛത്തീസ്ഗഡിലെ റായ്പൂർ എയിംസ് ഇത് 425 രൂപക്കാണ് വാങ്ങിയതെന്നും എയിംസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ ശർമ പറഞ്ഞു. ദൽഹി എയിംസ് 285 രൂപക്കാണ് ഇത് വാങ്ങിയത്. മറ്റ് മരുന്നുകളുടെ വിലയും കൂടുതലാണെന്ന് കണ്ടെത്തി.

‘മെയ് 15 ന്, കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ എയിംസ് സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ എയിംസ് ഭോപ്പാൽ, മരുന്നുകൾ ഉയർന്ന വിലക്കാണ് വാങ്ങുന്നതെന്ന് ഞാൻ പരാതിപ്പെട്ടു. അന്വേഷണം നടത്തുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി,’ ശർമ പറഞ്ഞു.

മറ്റ് സർക്കാർ ആശുപത്രികളെപ്പോലെ എയിംസിലും ടെൻഡർ വഴിയാണ് മരുന്നുകൾ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കൊവിഡ് -19 കാലയളവിൽ, മരുന്നുകൾ നേരിട്ട് വാങ്ങാൻ അനുമതി ലഭിക്കുകയായിരുന്നു.

പക്ഷേ കൊവിഡ് -19 കാലഘട്ടം അവസാനിച്ചിട്ടും, മരുന്നുകളുടെ നേരിട്ടുള്ള വാങ്ങൽ തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Content Highlight: Health ministry probes AIIMS Bhopal over irregularities in medicine purchases