'പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തത്'; നരബലിക്കെതിരെ ശക്തമായ നടപടി: വീണ ജോര്‍ജ്
Kerala News
'പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തത്'; നരബലിക്കെതിരെ ശക്തമായ നടപടി: വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th October 2022, 2:42 pm

പത്തനംതിട്ട: ഇലന്തൂരിലെ നരബലി പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണെന്നും മന്ത്രി പറഞ്ഞു.

കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിലെ അന്വേഷണത്തിലൂടെയാണ് പൊലീസ് ക്രൂരസംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചതെന്നും, ശക്തവും മാതൃകാപരവുമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇലന്തൂരിലെ നരബലി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്.

തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതിയാണ്. 50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു. സെപ്റ്റംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്.

Content Highlight: Health minister Veena George’s Reaction on Human Sacrifice in pathanamthitta