കോഴ വാങ്ങിയെന്ന് പറയുന്ന ദിവസം അഖില്‍ പത്തനംതിട്ടയില്‍; ദൃശ്യങ്ങള്‍ പുറത്ത്
Kerala News
കോഴ വാങ്ങിയെന്ന് പറയുന്ന ദിവസം അഖില്‍ പത്തനംതിട്ടയില്‍; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 3:08 pm

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹരിദാസ് പണം നല്‍കിയെന്ന് പറയുന്ന ദിവസം അഖില്‍ പത്തനംതിട്ടയില്‍.

അന്നേദിവസം അഖില്‍ പത്തനംതിട്ടയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രില്‍ 10ന് പകല്‍ 2.30 മുതല്‍ മൂന്ന് വരെ അഖില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

എന്നാല്‍ അഖില്‍ മാത്യുവിന് പണം നല്‍കി എന്ന വാദത്തില്‍ ഹരിദാസ് ഉറച്ചുനില്‍ക്കുകയാണ്. പരാതിക്കാരനായ ഹരിദാസിന്റെ കുടുംബ സുഹൃത്ത് ബാസിത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു.

നിയമനതട്ടിപ്പില്‍ നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ലെന്നും ഹരിദാസ് ആരോപിച്ചു. ഓഗസ്റ്റ് 17ന് മന്ത്രിയുടെ പി.എസിനെ നേരില്‍ കണ്ട് വിവരം അറിയിച്ചു എന്നും ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നിട്ടും വീണ ജോര്‍ജിന്റെ ഓഫീസില്‍ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ലെന്ന് ഹരിദാസന്‍ ആരോപിക്കുന്നു.

അഖില്‍ സജീവനാണ് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിനെ പരിചയപ്പെടുത്തിയതെന്നും പണം കൈപ്പറ്റിയ ശേഷം അഖില്‍ മാത്യു നേരില്‍ കാണാന്‍ തയ്യാറാവാത്തതിനാലാണ് പരാതി നല്‍കിയതെന്നും ഹരിദാസന്‍ പറഞ്ഞു.

Content Highlights: Health Minister’s PA was at a function in Pathanamthitta on the day Haridasan says he was paid