ആരോഗ്യ ഇന്‍ഷൂറന്‍സിന് വേണ്ടത് 7500 കോടി; വകയിരുത്തിയത് 10 കോടി മാത്രം: തോമസ് ഐസക്
Kerala
ആരോഗ്യ ഇന്‍ഷൂറന്‍സിന് വേണ്ടത് 7500 കോടി; വകയിരുത്തിയത് 10 കോടി മാത്രം: തോമസ് ഐസക്
സിജൊ
Friday, 19th June 2026, 6:20 pm

തിരുവനന്തപുരം:യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് ടോക്കണ്‍ പ്രൊവിഷന്‍ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയതെന്ന് ഐസക് ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ ചുരുങ്ങിയത് 7500 രൂപയെങ്കിലും വേണമെന്നും എന്നാല്‍ ആകെ 10 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും തോമസ് ഐസക് പറഞ്ഞു.

ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വീതം ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായാണ് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയത്.

തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രഖ്യാപിച്ച 100 കോടി രൂപ അപര്യാപ്തമാണെന്നും സി.പി.ഐ.എം നേതാവ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളെജില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഒരു സര്‍ജിക്കല്‍ ബ്ലോക്കിന് മാത്രം 90 കോടി രൂപ ചെലവായിട്ടുണ്ട്. അപ്പോഴാണ് 100 കോടി രൂപ കൊണ്ട് രണ്ട് പുതിയ മെഡിക്കല്‍ കോളെജുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

വി.ഡി സതീശന്റെ ബജറ്റ് പ്രസംഗം വികസന ആശയങ്ങളുടെ ഒരു ‘വിഷ്-ലിസ്റ്റ്’ മാത്രമാണെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള പണം ബജറ്റില്‍ ഇല്ലെന്നും തോമസ് ഐസക്ക് ആരോപിച്ചു. ഈ ബജറ്റില്‍ മൊത്തം ചിലവ് വെട്ടിച്ചുരുക്കിയെന്നും തോമസ്് ഐസക്ക് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരില്‍ മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റില്‍ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ പുതിയ ബജറ്റില്‍ ഇത് 2.05 ലക്ഷം കോടിയായി കുറഞ്ഞു. 13,000 കോടിയോളം രൂപയുടെ കുറവാണ് ചെലവില്‍ വരുത്തിയിരിക്കുന്നത്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് 1080 കോടി രൂപ മാത്രമാണ് അധികച്ചെലവായി വകയിരുത്തിയത്. എന്നാല്‍ 100 കോടി രൂപയ്ക്ക് മുകളിലുള്ള പുതിയ പദ്ധതികള്‍ക്കായി മാത്രം 1600 കോടിയിലധികം ചെലവ് വരുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും ബജറ്റിനെ വിമര്‍ശിച്ചിരുന്നു. സ്വകാര്യ വത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബഡ്ജറ്റ് എന്ന് പിണറായി അഭിപ്രായപ്പെട്ടു. ഭൂപരിഷ്‌കരണത്തെ ബഡ്ജറ്റ് അട്ടിമറിക്കുന്നുവെന്നും സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുന്നതാണ് ബഡ്ജറ്റെന്നും പിണറായി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ബജറ്റില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുമേഖലാ അധിഷ്ഠിത റെയര്‍ എര്‍ത്ത് ധാതു ഇടനാഴിയെ അട്ടിമറിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാറെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ നയം പകര്‍ത്തി സ്വകാര്യവല്‍ക്കരണത്തിനാണ് ഈ ബജറ്റില്‍ തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തെയും ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് സ്വകാര്യ മേഖലയ്ക്കായി പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് ഇടനാഴിയെ അതേപടി യു.ഡി.എഫ് സര്‍ക്കാര്‍ പകര്‍ത്തിയെന്നും പിണറായി ആരോപിച്ചു.

Content Highlight: Health Insurance project Needs  7500 crore; but allocation is only 10 crore: CPIM Leader Thomas Issac Criticized First Budget of VD Satheesan Government