ലോകകപ്പില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ടീം ഞങ്ങളുടേത്; ഇറാന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ആമിര്‍ ഗലനോയി
Football
ലോകകപ്പില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ടീം ഞങ്ങളുടേത്; ഇറാന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ആമിര്‍ ഗലനോയി
ശ്രീരാഗ് പാറക്കല്‍
Tuesday, 16th June 2026, 3:59 pm

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറാന്‍ ന്യൂസിലാന്‍ഡിനോട് സമനില വഴങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി പോയിന്റ് പങ്കുവെക്കുകയായിരുന്നു.

വെറുമൊരു ലോകകപ്പ് മത്സരമെന്നതിന് ഉപരി രാഷ്ട്രീയപരമായി ലോക രാജ്യങ്ങള്‍ ഉറ്റുമോക്കിയ മത്സരമായിരുന്നു ഇറാന്റേത്. യുദ്ധ സാഹചര്യത്തിലും അമേരിക്കയില്‍ വന്ന് പന്ത് തട്ടിയ ഇറാന് ആതിഥേയര്‍ വലിയ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇതോടെ മത്സരത്തിന് തയ്യാറെക്കുക്കാന്‍ ഇറാന് വളരെ ചുരുങ്ങിയ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. മാത്രമല്ല മത്സര ശേഷം ഇറാന്‍ ടീം ഉടന്‍ യാത്ര തിരിക്കണമെന്നാണ് അമേരിക്കയുടെ രാഷ്ട്രീയ നിലപാട്. ഇതേക്കുറിച്ച് മത്സര ശേഷം ഇറാന്റെ മുഖ്യ പരിശീലകന്‍ പ്രതികരിച്ചിരുന്നു. ടീമിന് സുഖം പ്രാപിക്കാന്‍ പോലും സമയം തന്നില്ലെന്നും ഉടന്‍ മെക്‌സിക്കോയിലേക്ക് മടങ്ങണമെന്നും അമേരിക്കന്‍ അധികാരികള്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ടീം ഇറാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവര്‍ ഞങ്ങള്‍ക്ക് സുഖം പ്രാപിക്കാന്‍ പോലും സമയം തന്നില്ല. ഇന്നത്തെ കളിക്കുശേഷം, അവര്‍ ഞങ്ങളോട് പറഞ്ഞത്, ‘നിങ്ങള്‍ ഉടന്‍ പോകണമെന്നാണ്,’ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ക്ക് സമയം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്, പക്ഷെ വിമാനത്തില്‍ കയറി ടിജുവാനയിലെ ഞങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു, അത് ഞങ്ങളെ ശരിക്കും വിഷമിപ്പിക്കുന്നു.

സത്യം പറഞ്ഞാല്‍ എന്തിനാണ് അവര്‍ ഞങ്ങളെ തിരിച്ചയയ്ക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇത് വളരെ വിചിത്രമായി തോന്നുന്നു. മറ്റാര്‍ക്കോ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നകതെന്ന് തോന്നന്നു. ഞങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കുന്നത് മറ്റെവിടെയോ ആണ്.

മത്സരത്തിന് രണ്ട് രാത്രി മുമ്പ് ഞങ്ങള്‍ വരേണ്ടതായിരുന്നു, സുഖം പ്രാപിക്കാന്‍ ഇന്ന് രാത്രി അവിടെ തങ്ങുകയും നാളെ ഉച്ചഭക്ഷണ സമയത്ത് തിരിച്ചെത്തുകയും ചെയ്യേണ്ടതായിരുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. ‘ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ടീം ഞങ്ങളുടെ (ഇറാന്‍) ടീമാണെന്ന് ഞാന്‍ കരുതുന്നു.’ ഫിഫ ഞങ്ങളെ കൂടുതല്‍ സഹായിക്കേണ്ടതുണ്ട്. സത്യത്തില്‍ ഇതെല്ലാം ഞങ്ങള്‍ക്ക് ഒരു ദുരന്തം പോലെ തോന്നുന്നു,’ ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ആമിര്‍ ഗലനോയി മത്സര ശേഷം പറഞ്ഞു.

Content Highlight: Head Coach Amir Ghalanoei Talking About Iran Football Team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ