തിരക്കഥയിൽ ഇല്ലാത്ത ഒരുപാട് ഫലിതങ്ങൾ അദ്ദേഹം ലൊക്കേഷനിൽ സൃഷ്ടിച്ചിട്ടുണ്ട്: ഉദയകൃഷ്ണ
Malayalam Cinema
തിരക്കഥയിൽ ഇല്ലാത്ത ഒരുപാട് ഫലിതങ്ങൾ അദ്ദേഹം ലൊക്കേഷനിൽ സൃഷ്ടിച്ചിട്ടുണ്ട്: ഉദയകൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th August 2025, 3:08 pm

മലയാള സിനിമയിലെ അറിയപ്പെടുന്ന തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്ന അദ്ദേഹം പിന്നീട് ത്രില്ലർ ഴോണറുകളിലേക്ക് ചുവടുമാറ്റം നടത്തി.

പ്രശസ്ത സംവിധായകരായ ജോഷി, പ്രിയദർശൻ എന്നിവരടക്കം പല സംവിധായകർക്കും വേണ്ടി അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ഇപ്പോൾ സംവിധായകരായ ജോഷിയെക്കുറിച്ചും പ്രിയദർശനെക്കുറിച്ചും സംസാരിക്കുകയാണ് ഉദയകൃഷ്ണ.

ഇന്ത്യയിലെ തന്നെ ഒന്നാംനിര സംവിധായകരായ ജോഷിക്ക് വേണ്ടിയും പ്രിയദർശന് വേണ്ടിയും താൻ തിരക്കഥ എഴുതിയിട്ടുണ്ടെന്നും ലൊക്കേഷനിൽ നടന്മാരെ അഴിച്ചുവിട്ട് കോമഡി സൃഷ്ടിക്കുന്നയാളാണ് പ്രിയദർശൻ എന്നും ഉദയകൃഷ്ണ പറയുന്നു.

തിരക്കഥയിൽ പോലും ഇല്ലാത്ത ഒരുപാട് ഫലിതങ്ങൾ അങ്ങനെ അദ്ദേഹം ലൊക്കേഷനിൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് പൂർത്തിയാകുമ്പോൾ സിനിമ തിരക്കഥയ്ക്കും മുകളിൽ എത്തിയിട്ടുണ്ടാകുമെന്നും സംവിധായകൻ പ്രിയദർശൻ്റെ കഴിവ് അതാണെന്നും ഉദയകൃഷ്ണ കൂട്ടിച്ചേർത്തു.

സംവിധായകൻ ജോഷി നേരെ മറിച്ചാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം തിരക്കഥ പലപ്രാവശ്യം വായിക്കുമെന്നും ഉദയകൃഷ്ണ പറയുന്നു.

‘എന്നാൽ ജോഷി നേരെ മറിച്ചാണ്. അദ്ദേഹം വളരെ നേരത്തെ തന്നെ പല ആവർത്തി തിരക്കഥ വായിക്കും. അതിൽ വെട്ടാവുന്നതൊക്കെ വെട്ടുകയും കൂട്ടിച്ചേർക്കാനുള്ളതൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തതിന് ശേഷമായിരിക്കും ആക്ഷൻ പറയുന്നത്. ചില രംഗങ്ങളിലൊക്കെ നടന്മാർ കൂട്ടിച്ചേർക്കുന്ന തമാശകൾ കേട്ട് അദ്ദേഹം തലകുത്തി ചിരിക്കും.

പക്ഷേ, എത്ര ചിരി കിട്ടുന്ന തമാശയായാലും സിനിമയുടെ ടോട്ടാലിറ്റിയെ ബാധിക്കുന്ന ഒരു ഡയലോഗും അദ്ദേഹം ഉപയോഗിക്കില്ല. കൂട്ടിച്ചേർത്തല്ല, ചെത്തിമിനുക്കിയാണ് അദ്ദേഹം സിനിമയെ മികവുറ്റതാക്കുന്നത്,’ ഉദയകൃഷ്ണ പറയുന്നു.

ഇതിൽ ഏതു രീതിയാണ് മികച്ചതെന്ന് പറയാനാവില്ലെന്നും കാരണം, രണ്ടുപേരും വമ്പൻ വിജയങ്ങൾ സൃഷ്‌ടിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും, ഈ രണ്ടു രീതിക്കാർക്കും കംഫർട്ടായ എഴുത്തുകാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ഞായറാഴ്ചപതിപ്പിൽ സംസാരിക്കുകയായിരുന്നു ഉദയകൃഷ്ണ.

Content Highlight: He has created many jokes on location that were not in the script: Udayakrishna