'ഞാൻ ഇന്ത്യയുടെ മുസ്‌ലിം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ല ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ': എസ്.വൈ ഖുറൈഷി
India
'ഞാൻ ഇന്ത്യയുടെ മുസ്‌ലിം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ല ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ': എസ്.വൈ ഖുറൈഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2025, 7:56 am

ന്യൂദൽഹി: തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ പൊതുചർച്ചകളിൽ വർഗീയ അധിക്ഷേപങ്ങൾ നടത്തുന്നത് ആ വ്യക്തിയെ മാത്രമല്ല ഇന്ത്യ എന്ന ആശയത്തെ തന്നെ മുറിവേൽപ്പിക്കുന്നെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷി.

പാർലമെന്റ് അംഗമായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ തന്റെ പേരിനും പദവിക്കും പകരം ‘മുസ്‌ലിം കമ്മീഷണർ’ എന്ന് പരാമർശിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുസ്‌ലിം ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണ് വഖഫ്(ഭേദഗതി) ബില്ലെന്ന് ഖുറൈഷി വിമർശിച്ചതിന് പിന്നാലെയാണ് താങ്കൾ ഒരു മുസ്‌ലിം കമ്മീഷണറാണെന്ന് ബി.ജെ.പി എം.പി പരാമർശിച്ചത്.

സർക്കാർ നയങ്ങളെ വിമർശിക്കുമ്പോഴും ജനാധിപത്യ തത്വങ്ങൾക്കെതിരെയുള്ള നയങ്ങളെ പ്രതിരോധിക്കുമ്പോഴും തന്റെ മതമാണ് പരാമർശിക്കുന്നതെന്നും ഖുറൈഷി പറഞ്ഞു.

ബഹുസ്വരത നിലനിൽക്കുന്ന ഈ രാജ്യത്ത് തന്റെ പ്രൊഫഷണൽ പാരമ്പര്യത്തെ കുറച്ചുകാണാനും ഭരണഘടനാപരമായ പങ്ക് വർഗീയവൽക്കരിക്കാനുമാണ് ഇത്തരം വ്യാഖ്യാനങ്ങൾ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യാദൃശ്ചികമായി ഞാൻ ഒരു മുസ്‌ലിം ആണ്. പക്ഷെ ഞാൻ ഇന്ത്യയുടെ മുസ്‌ലിം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നില്ല ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു. വ്യത്യാസം അടിസ്ഥാനപരമാണ്,’ എസ്.വൈ ഖുറൈഷി പറഞ്ഞു.

മതപരമായ വ്യക്തിത്വത്തിലൂടെ എം.പി പരാമർശിച്ചത് തന്നെ മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശയത്തെയും അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശത്തിലൂടെ ഭരണഘടനാപരമായ പങ്കിനെയും ഇല്ലാതാക്കാൻ എം.പി ശ്രമിച്ചെന്നും ഖുറൈഷി കൂട്ടിച്ചേർത്തു.

‘ഇത്തരം ലേബലിങ് ഒരു രാഷ്ട്രീയ പ്രകോപനത്തെയാണ് രൂപപ്പെടുത്തുന്നത്. ഒരു എം.പി പാർലമെന്റിന്റെ സഭയിലോ ചർച്ചകളിലോ ഒരാളുടെ പദവിക്ക് മുന്നിൽ അവരുടെ മതം പരാമർശിക്കുമ്പോൾ അയാൾ ഒരു വ്യക്തിയെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഉയർന്ന ഭരണഘടനാ പദവികളിൽ സേവനമനുഷ്ഠിക്കുമ്പോഴും മുസ്‌ലിങ്ങളെ സംശയത്തോടെ കാണണമെന്ന സൂചനയാണ് നൽകുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുനേരെയുള്ള അക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: I am not the Muslim Chief Election Commissioner of India; I am the Chief Election Commissioner of India’: S.Y. Qureshi