പാര്‍ലമെന്റ് ബി.ജെ.പിയുടെ ഓഫീസല്ല; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും: എച്ച്.ഡി ദേവഗൗഡ
national news
പാര്‍ലമെന്റ് ബി.ജെ.പിയുടെ ഓഫീസല്ല; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും: എച്ച്.ഡി ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2023, 9:20 pm

ബെംഗളൂരു: പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് മേധാവിയുമായ എച്ച്.ഡി. ദേവഗൗഡ. പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ നികുതി പണം കൊണ്ടാണെന്നും ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ ഇത് ബി.ജെ.പി ഓഫീസല്ലെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഇത് രാജ്യത്തിന്റെ സ്വത്താണ്. ഇത് ആരുടെയും വ്യക്തിപരമായ പരിപാടിയല്ല. രാജ്യത്തിന്റെ പരിപാടി ആണ്,’ ദേവഗൗഡ പറഞ്ഞു.

‘ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ നികുതി പണം കൊണ്ടാണ്.  ഇത് രാജ്യത്തിന്റേതാണ്. ബി.ജെ.പിയുടെ ഓഫീസല്ല,’ അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാന മന്ത്രിയെന്ന നിലയിലും രാജ്യത്തെ പൗരനെന്ന നിലയിലും പരിപാടിയില്‍ പങ്കെടുക്കുമെന്നും ദേവഗൗഡ വ്യക്തമാക്കി.

നേരത്തെ നവീന്‍ പട്‌നായികിന്റെ ബി.ജെ.ഡിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ പ്രശ്നങ്ങളെക്കാളും മുകളിലാണ് പാര്‍ലമെന്റും രാഷ്ട്രപതിയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെന്ന് പ്രസ്താവനയിലൂടെ ബി.ജെ.ഡി (ബിജു ജനതാ ദള്‍) അറിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വിഷയം പിന്നീട് സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.സി.പിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയിരുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള അതിക്രമമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

CONTENTHIGHLIGHT: HD Devagawda will attend parliament innauguration