ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി സഖ്യത്തെ തകര്‍ത്ത് എസ്.എഫ്.ഐ- എ.എസ്.ഐ- ഡി.എസ്.യു പാനല്‍
national news
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി സഖ്യത്തെ തകര്‍ത്ത് എസ്.എഫ്.ഐ- എ.എസ്.ഐ- ഡി.എസ്.യു പാനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 8:15 pm

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ(എച്ച്.സി.യു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന പാനലിന് ഉജ്വല വിജയം. എ.ബി.വി.പി- ഒ.ബി.സി.എഫ്-എസ്.എല്‍.വി.ഡി സഖ്യത്തിനെതിരെയാണ് എസ്.എഫ്.ഐ-എ.എസ്.എ-ഡി.എസ്.യു പാനല്‍ വിജയം നേടിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം, കോര്‍പ്പറേറ്റ് വത്കരണം, സര്‍വകലാശാലകളുടെ സ്വയംഭരണം നിര്‍ത്തല്‍, ഫെലോഷിപ്പുകള്‍ റദ്ദാക്കല്‍ തുടങ്ങിയവയെ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കിയാണ് അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനെയും(എ.എസ്.എ) ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനെയും(ഡി.എസ്.യു) ഒപ്പം ചേര്‍ത്ത് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ വിജയം മതരാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

 

 

ആകെയുള്ള 5,133 വോട്ടുകളില്‍ എ.ബി.വി.പി സഖ്യ സ്ഥാനാര്‍ഥി ബാലകൃഷ്ണയെ 588 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് എസ്.എഫ്.ഐ പാനലിന്റെ പജ്വല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1,838 വോട്ടുകളാണ് പജ്വല്‍ നേടിയത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ സഖ്യത്തിലെ കൃപ 892 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എസ്.എഫ്.ഐ പാനലിലെ പൃഥ്വി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

കള്‍ച്ചറല്‍ സെക്രട്ടറിയായി എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ലിഖിത് കുമാറിനെയും സ്പോര്‍ട്സ് സെക്രട്ടറിയായി ഡി.എസ്.യുവിന്റെ സി.എച്ച്. ജയരാജും തെരഞ്ഞെടുക്കപ്പെട്ടു.