Kerala
'പുകവലിക്കുന്ന അരുന്ധതി റോയ്'; പുസ്തകത്തിന്റെ കവര്‍ പേജിനെതിരായ ഹരജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
ന്യൂദല്‍ഹി: സാഹിത്യകാരി അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ ചിത്രത്തെ ചൊല്ലി വിവാദം. പുസ്തകത്തിന്റെ കവര്‍ ചിത്രമായി ഉപയോഗിച്ച പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചതിന് എതിരെ ഹൈക്കോടതിയില്‍ ഹരജി.
പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് ഹരജിക്കാരന്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
‘മദര്‍ മേരി കംസ് ടു മീ’ എന്ന അരുന്ധതി റോയിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ കവര്‍ പേജിനെ ചൊല്ലിയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പുസ്തകത്തിന്റെ കവര്‍ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് അരുന്ധതി റോയിയുടെ തന്നെ പുകവലിക്കുന്ന ചിത്രമാണ്.
എഴുത്തുകാരി പ്രസിദ്ധീകരിച്ച ആദ്യ ഓര്‍മക്കുറിപ്പ് കൂടിയാണ് ‘മദര്‍ മേരി കംസ് ടു മീ’. അമ്മയുമായുള്ള തന്റെ സങ്കീര്‍ണമായ ബന്ധത്തെ കുറിച്ചും താന്‍ എങ്ങനെ അക്ഷരങ്ങളുടെ ലോകത്തെത്തി എന്നും വിവരിക്കുന്ന പുസ്തകം ഓഗസ്റ്റ് 28നാണ് പ്രസിദ്ധീകരിച്ചത്.
കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയ്ക്ക് വഴിയുമൊരുക്കിയ മേരി റോയിയാണ് എഴുത്തുകാരിയുടെ അമ്മ.
‘കേരളത്തിന്, വിശേഷിച്ചും സുറിയാനി നസ്രാണി സമുദായത്തിലെ സ്ത്രീകള്‍ക്ക്, മേരി റോയ് ഒരു വീരവനിതയായിരുന്നു. നിലവിലുണ്ടായിരുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ പോരാടി വിജയിച്ച ഒരു ധീരവനിത.

എന്നാല്‍, അവരുടെ മക്കള്‍ക്ക്, അവരൊരു ഭീതിദമായ സാന്നിദ്ധ്യമായിരുന്നു. കുപ്രസിദ്ധമായ ക്ഷുബ്ധപ്രകൃതമുള്ള ഒരാളായിരുന്നു അമ്മ’, പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് അരുന്ധതി റോയ് ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു.
അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവയ്ക്കാന്‍ തന്നെയാണ് പുസ്തകം എഴുതിയത്. അമ്മയുമായുള്ള അടുപ്പവും അകല്‍ച്ചയും പുസ്തകത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
അമ്മ പലപ്പോഴും തന്റെ തീരുമാനങ്ങളെ എതിര്‍ത്തിരുന്നുവെന്നും സ്നേഹം അത്രമാത്രം പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരാളുമായിരുന്നുവെന്നും പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അരുന്ധതി റോയ് പറഞ്ഞിരുന്നു.
1997ല്‍ ‘ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ എന്ന ആദ്യനോവലിന് ബുക്കര്‍ പ്രൈസ് നേടിയാണ് അരുന്ധതി റോയി സാഹിത്യലോകത്ത് പ്രശസ്തയായത്. രണ്ടാമത്തെ പുസ്തകം ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയിലും ഇടംപിടിച്ചിരുന്നു.
Content Highlight: HC seeks explanation from Centre on plea against Arundhati Roy’s book cover