പാലക്കാട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
വെള്ളാപ്പള്ളി നടേശന്‍ സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കുകയാണെന്നും എല്ലാ വിഭാഗങ്ങളിലും ജാതിയിലും പ്രയാസങ്ങള്‍ നേരിടുന്നവരുണ്ടെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വെള്ളാപ്പള്ളി നടേശന്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാവിധ മത വിഭാഗങ്ങളിലും ജാതികളിലും പ്രയാസങ്ങള്‍ നേരിടുന്നവരുണ്ടെന്നും എന്നാല്‍ അതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഷ്ടപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നിന്നാണ് പോരാടേണ്ടത്. അല്ലാതെ കഷ്ടപ്പാടുകളെ വര്‍ഗീയമായി ചിത്രീകരിക്കരുത്. വെള്ളാപ്പള്ളിയെ പോലുള്ള ആളുകള്‍ ഇത്തരത്തില്‍ വര്‍ഗീയമായി സംസാരിക്കരുതെന്നും മന്ത്രി പറഞ്ഞു.
ക്രൈസ്തവരിലും മുസ്‌ലിങ്ങളിലും കഷ്ടപ്പെടുന്നവരുണ്ട്. ഹിന്ദുക്കളില്‍ തന്നെ എത്ര വിഭാഗങ്ങളാണ് ഉള്ളത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെല്ലാം എന്തും മാത്രമാണ് കഷ്ടതകളാണ് അനുഭവിക്കുന്നത്. ഇതെല്ലാം ആരെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോയെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചോദിച്ചു.
1600 കോടി രൂപയാണ് അദാനിയുടെ ഒരു ദിവസത്തെ ശമ്പളം. അംബാനിയുടേത് 1400 കോടിയും. അവരുടെ കടമാണ് നമ്മുടെ രാജ്യത്ത് എഴുതിത്തള്ളുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെ ചോദ്യം ചെയ്യാനൊന്നും ആരുമില്ലാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങളെയും മന്ത്രി വിമര്‍ശിച്ചു. വിവാദങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടുന്നില്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്.
അതേസമയം കഴിഞ്ഞ ദിവസവും മുസ്‌ലിങ്ങളെ അധിക്ഷേപിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ പൊതുവേദിയില്‍ സംസാരിച്ചിരുന്നു. മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതാണ് ഗുരുവിനെ സര്‍വമത സമ്മേളനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
ശ്രീനാരയണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് വെള്ളാപ്പള്ളി ഈ ചരിത്രവിരുദ്ധ പ്രസ്താവന നടത്തിയത്. കുമാരനാശാന്റെ ദുരവസ്ഥ കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
‘എന്താണ് മാപ്പിള ലഹള? മുസ്‌ലിം സമുദായക്കാര്‍ അപക്വമായ ഒരു ലഹള നടത്തി ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും സ്ത്രീകളെയെല്ലാം കൊല്ലുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്ത ദുരിതം. ഇത് കണ്ടും കേട്ടുമറിഞ്ഞ ഗുരുദേവന്‍ ആ ദുഖവും ദുരിതവും എന്താണ് അറിയുന്നതിനായി ലഹള നടന്നയിടത്തേക്ക് കുമാരനാശാനെ പറഞ്ഞയച്ചു. അവിടെ നിന്ന് കണ്ടറിഞ്ഞ സത്യങ്ങള്‍ കുമാരനാശാന്‍ നാരായണഗുരുവിനോട് പറഞ്ഞു. പിന്നാലെ ഗുരുവിനുണ്ടായ ദുഖമാണ് സര്‍വമത സമ്മേളനം വിളിക്കാന്‍ കാരണമായത്,’ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ഇങ്ങനെ.
Content Highlight: Hateful remarks should be avoided; K. Krishnankutty against Vellappally Natesan