വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി എസ്.എൻ.ഡി.പി സംരക്ഷണ സമിതി
Kerala
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി എസ്.എൻ.ഡി.പി സംരക്ഷണ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 1:13 pm

കോട്ടയം: വിദ്വേഷ പരാമർശത്തിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി എസ്.എന്‍.ഡി.പി സംരക്ഷണ സമിതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്.

കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും തിരു-കൊച്ചിയില്‍ ഉള്‍പ്പെടെ ലീഗ് സീറ്റ് ചോദിച്ചുവാങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവില്‍ ലീഗ് മത്സരിക്കുന്നത് തന്നെ കൂടുതല്‍ സീറ്റുകളിലാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം ലഭിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

‘കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. കേരളത്തിലെ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്തത്. മുസ്‌ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുകയാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.

ഇങ്ങനെയാണെങ്കില്‍ കേരളം വൈകാതെ തന്നെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തി. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. യാക്കോബായ സഭയുടെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്, അധ്യാപകനും സാമൂഹിക ചിന്തകനുമായ സുനില്‍ പി. ഇളയിടം തുടങ്ങിയവർ അദ്ദേഹത്തിനെതിരെ എത്തിയിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന ഗുരുപാരമ്പര്യത്തിനും കേരളത്തിന്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്തലായമായി മാറുന്ന നമ്മുടെ നാട് വിടാൻ ആരാണ് ആഗ്രഹിക്കാത്തത്? ചെറുക്കേണ്ടവർ പോലും വിദ്വേഷ സംസ്കാരത്തിന് വാഴ്ത്തുപാട്ടുകൾ പാടുമ്പോൾ എന്ത് പറയാൻ? അധികാരത്തിന് വേണ്ടി ആദർശങ്ങൾ പണയപ്പെടുത്തിയാൽ ദൂര വ്യാപക ദുരന്തമായിരിക്കും ഫലം. നമ്മൾ എന്ന് മനുഷ്യരാകും എന്നായിരുന്നു ഗീവർഗീസ് മാർ കുറിലോസ് വിമർശിച്ചത്.

 

Content Highlight: Hate speech; SNDP Protection Committee files complaint against Vellappally Natesan