കോഴിക്കോട്: ചിത്രീകരണം നടക്കുന്ന കന്നഡ സിനിമ കാന്താര 2 സിനിമയിലെ പ്രധാന കഥാപാത്രമായ രാകേഷ് പൂജാരിയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പരത്തി ഒരു വിഭാഗം. ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചതിലൂടെ നടന്‍ ദൈവകോപം വിളിച്ച് വരുത്തുകയായിരുന്നെന്നും ഇതാണ് നടന്റെ മരണത്തിലേക്ക് നയിച്ചതെന്നമാണ് ഒരു വിഭാഗം പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കാന്താര 2 വിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാകേഷ് പൂജാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. സിനിമയിലെ രാകേഷിന്റെ സീനുകള്‍ ചിത്രീകരിച്ചതിന് ശേഷം സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാന്താര 2 വിലെ ജൂനിയന്‍ ആര്‍ട്ടിസ്റ്റായ മറ്റൊരു മലയാളി യുവാവും മരിച്ചിരുന്നു. വൈക്കം സ്വദേശിയായ എഫ്.എം കപിലന്‍ എന്ന യുവാവാണ് സഹപ്രവര്‍ത്തകരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.
സിനിമയില്‍ പ്രവര്‍ത്തിച്ച രണ്ട് പേരുടേയും തുടര്‍ച്ചയായ മരണങ്ങള്‍ ദൈവകോപം കൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ വാദിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായ കലാരൂപങ്ങള്‍ ഇതിവൃത്തമായ കഥ തന്തുവായിരുന്നു കാന്താര വണ്ണിന്റേത്. അതിനാല്‍ വിശ്വാസങ്ങള്‍ സംബന്ധിച്ച സിനിമ എടുത്തതിനാലാണ് സിനിമ പ്രവര്‍ത്തന്‍ മരിച്ചതെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.
‘ദൈവകോപം. ദൈവത്തെ,ഭക്തിയെ, വിശ്വാസത്തെ വിറ്റ് കാശാക്കുന്നു. കലികാലം അല്ലാതെന്ത്’ എന്നാണ് ഒരാള്‍ രാകേഷ് പൂജാരിയുടെ മരണ വാര്‍ത്തയ്ക്ക് താഴെ കമന്റ് ചെയ്തത്.
‘എന്തും കച്ചവടതന്ത്രമായി കാണുന്ന അണിയറ പ്രവര്‍ത്തകരെ, അത് ഒരു ജനതയുടെ ഈശ്വരവിശ്വാസം ആണ്. ഇപ്പൊ രണ്ടെണ്ണം ആയല്ലോ അല്ലെ. ആദരാഞ്ജലികള്‍’ എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
‘ഇത് നല്ല ലക്ഷണം അല്ല ഈ മൂവി ഒഴിവാക്കുന്നത് ആണ് നല്ലത്, ഇപ്പോള്‍ രണ്ട് മരണം ആയി, നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ അല്ലാതെ എന്ത് പറയാന്‍. കൂടോത്രം ആണ്, ഈ സിനിമ കാണാന്‍ പോകുന്നത് റിസ്‌ക് ആണെന്ന് തോന്നുന്നു എന്ന് കമന്റ് ചെയ്തവരുമുണ്ട്.
അതേസമയം ഇതിനെ പ്രതിരോധിച്ച് മരണം എല്ലാവര്‍ക്കുമുണ്ട്. അത് ഒരു അന്ധവിശ്വാസവുമായി കൂട്ടിക്കലര്‍ത്തുന്ന നവയുഗ മനുഷ്യര്‍ എന്ന് കമന്റ് ചെയ്തവരുണ്ട്.
ദൈവകോപത്തിലുപരി കൊവിഡ് വാക്‌സിന്‍ എടുത്തതിലാണ് യുവാവ് മരിച്ചതെന്ന് ഒരു ശാസ്ത്രീയ അടത്തറയുമില്ലാതെ വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വാക്‌സിന്‍ ലോകത്തിലെ ജനസംഖ്യ കുറക്കാന്‍ വേണ്ടി കൊണ്ടുവന്നതാണോ, കൊവിഷീല്‍ഡ് മരുന്ന് എടുത്തവര്‍ 40 വയസ് കഴിയില്ല അതിന് ശേഷവും ജീവിക്കുന്നവര്‍ എപ്പോ വേണേലും ചാവാം എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്.