സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം; ബി.ജെ.പി മന്ത്രിയുടെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി; പ്രത്യേക സമിതി അന്വേഷിക്കും
national news
സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം; ബി.ജെ.പി മന്ത്രിയുടെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി; പ്രത്യേക സമിതി അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th May 2025, 1:53 pm

ന്യൂദല്ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേശ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ അജയ് ഷായുടെ ഖേദപ്രകടനം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ച സുപ്രീം കോടതി കേസ് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കാനും ഉത്തരവിട്ടു.

ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാവും കേസ് അന്വേഷിക്കുക. മെയ് 28ന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മധ്യപ്രദേശ് മന്ത്രിയുടെ പരാമര്‍ശം രാജ്യത്തിന് മുഴുവന്‍ അപമാനമാണെന്നും വിജയ് ഷായ്ക്ക് വേണമെങ്കില്‍ സ്വയം ഖേദം പ്രകടിപ്പിച്ച് കുറ്റബോധത്തില്‍ നിന്ന് രക്ഷ നേടാമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് വിജയ് ഷാ നന്നായി ആലോചിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സൂര്യകാന്തും എന്‍. കോടീശ്വര്‍ സിങ്ങും അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

നമ്മളുടെ രാജ്യം നിയമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

‘നമ്മളുടെ പക്കല്‍ വീഡിയോ ക്ലിപ്പുകളുണ്ട്. നിങ്ങള്‍ എന്തുതരത്തിലുള്ള മാപ്പപേക്ഷയാണ് നടത്തിയതെന്ന് ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നു. മാപ്പ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ട്. ചിലപ്പോള്‍ അത് അനന്തരഫലങ്ങളില്‍ നിന്നുള്ള ഒളിച്ചോടലാവാം. ചില സമയങ്ങളില്‍ അത് മുതലക്കണ്ണീരുമാവാം. നിങ്ങളുടേത് എത് തരത്തിലുള്ളതാണ്?,’ സുപ്രീം കോടതി ചോദിച്ചു.

വിജയ് ഷായുടെ അറസ്റ്റ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിഷയത്തെ രാഷ്ട്രീയമാക്കി തീര്‍ക്കില്ലെന്നും വ്യക്തമാക്കി. പരാമര്‍ശത്തിന്റെ പ്രത്യാഘാതങ്ങള്‍ വിജയ് ഷാ സ്വയം നേരിടണമെന്ന് പറഞ്ഞ കോടതി നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും വ്യക്തമാക്കി.

മധ്യപ്രദേശിലെ മഹുവയിലെ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സേനയുടെ പ്രതിനിധിയായിരുന്നു കേണല്‍ സോഫിയ ഖുറേഷി.

പഹല്‍ഗാം ആക്രമണത്തിലൂടെ ഭീകരര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ച് മാറ്റിയെന്നും അവര്‍ക്ക് മറുപടി നല്‍കാന്‍ നാം അവരുടെ തന്നെ സഹോദരിയെ ഉപയോഗിച്ചു എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇത് പിന്നീട് വിവാദമാകുകയും മന്ത്രി പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു.

Content Highlight: Hate speech against Sophia Qureshi; Supreme Court will not accept BJP minister’s apology; SIT will investigate