ശബരിമല വാവറിനെതിരായ വിദ്വേഷ പ്രസംഗം; ശാന്താനന്ദ മഹര്‍ഷിക്കെതിരെ കേസ്
Sabarimala
ശബരിമല വാവറിനെതിരായ വിദ്വേഷ പ്രസംഗം; ശാന്താനന്ദ മഹര്‍ഷിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th September 2025, 3:48 pm

പന്തളം:ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്ക് എതിരെ പൊലീസ് കേസ്. ശബരിമലയിലെ വാവര്‍ ആക്രമണകാരിയാണെന്നും തീവ്രവാദിയാണെന്നുമുള്ള ശാന്താനന്ദയുടെ പ്രസംഗത്തിനെതിരെയാണ് പന്തളം പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രസംഗത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു, വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി പരാതികളിലാണ് പന്തളം പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് ബദലായിട്ടാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ശബരിമല സംരക്ഷണ സംഗമം നടത്തിയത്.

‘വാവര്‍ അയ്യപ്പനെ തോല്‍പ്പിക്കാനെത്തിയതായിരുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന വാവര്‍ ചരിത്രം തെറ്റാണെന്നും ശാന്താനന്ദ പറഞ്ഞിരുന്നു. വവാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലുമില്ല.

വാവര്‍ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’, ശാന്താനന്ദ വിദ്വേഷ പ്രസംഗത്തില്‍ പറഞ്ഞു.

ഇരുപത്തിയഞ്ച് – മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാപുരന്‍ ഇല്ലാ എന്നുപറയുന്നത് തെറ്റാണെന്നും ശാന്താനന്ദ പറഞ്ഞിരുന്നു.

എരുമേലിയില്‍ വാപുരക്ഷേത്രമാണ് ഉയരുന്നത്. വാവര്‍ എന്നതല്ല വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരിയെന്നും അയ്യപ്പ ഭക്തര്‍ക്ക് വാപുരസ്വാമിയുടെ നടയില്‍ തേങ്ങയുടച്ച് അയ്യപ്പ ദര്‍ശനം നടത്താനുള്ള അവസരമാണ് ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പന്തളം കൊട്ടാരത്തിലെ അംഗങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ശബരിമല മുന്‍നിര്‍ത്തി കലാപമുണ്ടാക്കാനാണോ ശ്രമങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് ചോദിച്ചിരുന്നു. ശബരിമല സംരക്ഷണ സംഗമത്തിന്റെ ലക്ഷ്യം വര്‍ഗീയ കലാപമാണെന്ന് പന്തളം കൊട്ടാരം കുടുംബാംഗം അശ്വതിനാള്‍ രവിവര്‍മ പ്രദീപ് വര്‍മ വിമര്‍ശിച്ചിരുന്നു.

Content Highlight: Hate speech against Sabarimala Vavar; Case filed against Sri Ramadasa Mission president Shantananda Maharshi