മുഹമ്മദ് നബിക്കെതിരായ വിദ്വേഷ പരാമര്‍ശം; അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയല്ല; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ജാമ്യാപേക്ഷ തള്ളി
കൊല്‍ക്കത്ത: മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഷര്‍മിഷ്ഠ പനോലിയുടെ ജാമ്യാപേക്ഷ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പരിധിയിലേക്ക് എത്താന്‍ പാടില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
‘നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാമെന്നല്ല. നമ്മുടെ രാജ്യം വൈവിധ്യം നിറഞ്ഞതാണ്. വ്യത്യസ്ത ജാതികളില്‍ നിന്നും, മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം,’ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി പറഞ്ഞു.
എന്നാല്‍ യുവതിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അതിനാല്‍ പനോലിയുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. കൂടാതെ അറസ്റ്റിന് മുമ്പ് അവര്‍ക്ക് ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നും ബി.എന്‍.എസ്.എസ് നിയമപ്രകാരം അത് നിര്‍ബന്ധമാണെന്നും പനോലിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ യുവതിയും കുടുംബവും ഒളിവില്‍ പോയതിനാലാണ് നോട്ടീസ് നല്‍കാന്‍ സാധിക്കാത്തതെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ ഷര്‍മിഷ്ഠ പനോലിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഭാരതീയ ന്യായ് സമിതിയുടെ (ബി.എന്‍.എസ്) സെക്ഷന്‍ 196 (മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമോ ശത്രുതയോ വളര്‍ത്തല്‍), 299 (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി, മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഷര്‍മിഷ്ഠക്കെതിരെ കേസെടുത്തത്.
ഇവരെ കോടതി 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജൂണ്‍ 13 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഒളിവില്‍ പോയ ഷര്‍മിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്.
വീഡിയോ വിവാദമായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. കൂടാതെ ഖേദപ്രകടനവുമായി ഷര്‍മിഷ്ഠ പനോലി രംഗത്തെത്തിയിരുന്നു. താന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതെല്ലാം വ്യക്തിപരമായ ചിന്താഗതികളാണെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഷര്‍മിഷ്ഠ പറഞ്ഞിരുന്നു.
ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. ഇനി മുതല്‍ പൊതുവായ ഇടങ്ങളിലെ പ്രതികരണങ്ങളില്‍ ജാഗ്രത പാലിക്കുമെന്നാണ് ഷര്‍മിഷ്ഠ പറഞ്ഞത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഇന്‍ഫ്‌ളുവന്‍സറുടെ ഖേദപ്രകടനം.
Content Highlight: Hate speech against Prophet Muhammad; Bail plea of Instagram influencer rejected by Calcutta HC; speech freedom does not mean hurting others