വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെയും
Natonal news
വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 8:58 pm

മുംബൈ: ടി.ആര്‍.പി റേറ്റിംഗില്‍ തട്ടിപ്പ് കാണിച്ച ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെയും. റിപ്പബ്ലിക് ടി.വിയടക്കമുള്ള ചാനലുകള്‍ ടി.ആര്‍.പി റേറ്റിംഗില്‍ തട്ടിപ്പ് കാണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഇത്തരത്തില്‍ കൃത്രിമത്വവും വിദ്വേഷ പ്രചരണവും നടത്തുന്ന ചാനലുകള്‍ക്ക് തങ്ങളുടെ പരസ്യം നല്‍കില്ലെന്ന് പാര്‍ലെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ പറഞ്ഞു. ലൈവ് മിന്റ് സൈറ്റിനോടായിരുന്നു കൃഷ്ണറാവുവിന്റെ പ്രതികരണം.

നേരത്തെ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജും രംഗത്ത് എത്തിയിരുന്നു. മൂന്നു ചാനലുകളെ ബജാജ് ലിമിറ്റഡ് കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും രാജീവ് പറഞ്ഞു.

റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജീവ് ബജാജ് നിലപാട് വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ സമയത്ത് ഏറ്റവും കുടുതല്‍ വില്‍പ്പന നടത്തിയ ബ്രാന്റുകളില്‍ ഒന്നാണ് പാര്‍ലെ പാര്‍ലെയുടെ വിപണി വിഹിതത്തില്‍ അഞ്ച് ശതമാനം വര്‍ധിച്ചെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതില്‍ 90 മുതല്‍ 95 ശതമാനം വരെ പാര്‍ലെ ജി ബിസ്‌കറ്റുകള്‍ക്കായിരുന്നു.

പാര്‍ലെ ഗ്രൂപ്പും പരസ്യം നിഷേധിച്ചത് ചാനലുകള്‍ക്ക് വലിയ തിരിച്ചടിയാണ്. അതേസമയം ടി.ആര്‍.പി റേറ്റിങ്ങുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതുവരെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക് ടി.വി രംഗത്ത് എത്തിയിരുന്നു.

റിപ്പബ്ലിക് ടി.വി സി.എഫ്.ഒയാണ് പൊലീസിനെ സമീപിച്ചത്. ടി.ആര്‍.പി റേറ്റിങ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കുമെന്നും റിപ്പബ്ലിക് ന്യൂസ് ചാനലിന്റെ സി.എഫ്.ഒ മുംബൈ പൊലീസിനെ അറിയിച്ചത്.

അതുകൊണ്ട് തന്നെ സുപ്രീം കോടതി വാദം കേള്‍ക്കുന്നതുവരെ മറ്റു നടപടികളൊന്നും എടുക്കരുതെന്നാണ് റിപ്പബ്ലിക് ടിവി പൊലീസിനോട് അഭ്യര്‍ത്ഥിച്ചത്.

ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകിയിരിക്കുകയാണ്.

ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് പറഞ്ഞിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതുവരെ മറ്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി പൊലീസിനെ സമീപിച്ചത്.

റിപബ്ലിക് ടി.വി, ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഭക്ത് ഭാരതിന്റെയും ബോക്‌സ് സിനിമയുടെയും ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചാനലിന്റെ നടപടി.

ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് നിര്‍ണയിക്കാന്‍ ബാര്‍ക് ചുമതലപ്പെടുത്തിയ ഹസ്‌ന റിസര്‍ച്ച് എന്ന സ്ഥാപനം മുന്‍ ജീവനക്കാര്‍ക്കെതിരെ നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിലാണ് തട്ടിപ്പു വെളിച്ചത്തുവന്നത്.

ബാര്‍ക്കിനുവേണ്ടി മുംബൈയിലെ 2,000 വീടുകളിലാണ് ഹസ്‌ന റിസര്‍ച്ച് ടി.ആര്‍.പി. നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഇതിനു നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ ചിലര്‍ ടെലിവിഷന്‍ ചാനലുകള്‍ക്കായി കൃത്രിമം കാണിച്ചെന്ന സംശയത്തിലാണ് ഹസ്‌ന റിസര്‍ച്ച് എന്ന സ്ഥാപനം പൊലീസിനെ സമീപിച്ചത്.

ഉപകരണം സ്ഥാപിച്ച വീട്ടില്‍ ആളില്ലാത്തപ്പോഴും ടെലിവിഷന്‍ തുറന്നുവെക്കാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും ചില വീട്ടുകാര്‍ക്ക് അതിന് പ്രതിഫലവും നല്‍കിയെന്നും ഇംഗ്ലീഷ് അറിയുന്ന ഒരാളുപോലുമില്ലാത്ത ചില വീട്ടുകാര്‍ പണം കിട്ടുമെന്നതുകൊണ്ട് വീട്ടില്‍ ഇംഗ്ലീഷ് ചാനല്‍ സ്ഥിരമായി വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നു അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hate propaganda channels will no longer advertise, parle after Bajaj