വിദ്വേഷ പ്രചാരകൻ മാത്യു ശാമുവലിന് പുരസ്‌കാരം; വിമർശിച്ച് സോഷ്യൽമീഡിയ
Kerala
വിദ്വേഷ പ്രചാരകൻ മാത്യു ശാമുവലിന് പുരസ്‌കാരം; വിമർശിച്ച് സോഷ്യൽമീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th November 2025, 12:04 pm

കോഴിക്കോട്: സംഘപരിവാർ അനുകൂല വാദങ്ങൾ കൊണ്ട് സോഷ്യൽമീഡിയയിൽ വിമർശനങ്ങൾക്ക് വിധേയനായ മാധ്യമപ്രവർത്തകൻ മാത്യു ശാമുവലിന് ക്രൈസ്തവ ചിന്ത വി.എം മാത്യു പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽമീഡിയ.

കഴിഞ്ഞദിവസം ഡൂൾ ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് വിഷയം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായി മാറിയത്.

ഇസ്‌ലാമോഫോബിക് പ്രചാരകനായ മാത്യു ശാമുവലിന് പുരസ്‌കാരം സമ്മാനിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശനും ചടങ്ങിൽ പങ്കെടുക്കുന്ന അഡ്വ. എ. ജയശങ്കറിനു നേരെയുമാണ് വിമർശനങ്ങൾ ഉയരുന്നത്.

മാത്യു ശാമുവലും ജയശങ്കറും ബി.ജെ.പിയെ വളർത്താൻ അച്ചാരം എടുത്തവരാണെന്ന് പ്രതിപക്ഷ നേതാവ് സതീശന് അറിയില്ലേയെന്ന് സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.

ബി.ജെ.പിയിലേക്ക് ആളെ കൂട്ടാൻ വേണ്ടി മുസ്‌ലിങ്ങളെ പൈശാചികവത്കരിക്കലാണ് ഇവരുടെ പരിപാടിയെന്ന് ഇതുവരെ മനസിലായില്ലേയെന്നും സോണിയാഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്ന കാര്യത്തിലിവർ ഒറ്റക്കെട്ടാണെന്നും തേജോധരൻ പോറ്റിയെന്ന ഫേസ്ബുക്ക് അക്കൗണ്ട് വിമർശിക്കുന്നു.

മുസ്‌ലിങ്ങളെ പോലെ കോൺഗ്രസും ഇവർക്ക് ശത്രുക്കളാണ്. സി.പി.ഐ.എമ്മിനെയും വിമർശിക്കുന്നുണ്ട് എന്ന കാരണം കൊണ്ട് ഇവരെയൊന്നും വിശുദ്ധരാക്കിക്കൂടായെന്നും വി.ഡി സതീശനോടായി കുറിപ്പിൽ പറയുന്നു. ഈ പോസ്റ്ററിൽ സതീശന്റെ സ്ഥാനത്ത് കെ. സുരേന്ദ്രനോ രാജീവ് ചന്ദ്രശേഖരനോ ആയിരുന്നു വേണ്ടിയിരുന്നതെന്നും കുറിപ്പിൽ പരിഹസിക്കുന്നുണ്ട്.

ജയശങ്കർ വക്കീൽ-മാത്യു ശാമുവൽ കോമ്പോയുടെ ഈ പരിപാടിയിൽ സതീശൻ പങ്കെടുക്കുമോ? കട്ട വെയിറ്റിങ് എന്നാണ് മാധ്യമപ്രവർത്തകൻ യു.എം. മുക്താർ കുറിച്ചത്.

‘മിഖച്ച മാധ്യമപ്രവർത്തകൻ മാത്യു ശാമുവലിന് നിഷ്പക്ഷ നിരീക്ഷകൻ ശങ്കരൻ വക്കീലിന്റെ സാന്നിധ്യത്തിൽ ബഹു: പ്രതിപക്ഷ നേതാവ് V.D. Satheesan അവാർഡ് സമ്മാനിക്കുന്നു. വാൽ- പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയെ ചെറുക്കാൻ ഒരൊറ്റ V.D.S മാത്രം,’ എന്നാണ് ഡിജിറ്റൽ ക്രിയേറ്ററായ ടി.കെ. ഉനൈസിന്റെ വിമർശനം.

അതേസമയം, നവംബർ പത്തിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് മാത്യു ശാമുവലിന് പുരസ്‌കാരം സമ്മാനിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. മുഖ്യപ്രഭാഷകനായാണ് അഡ്വ. ജയശങ്കർ പരിപാടിയിൽ പങ്കെടുക്കുക.

തെഹൽക മുൻ മാനേജിങ് എഡിറ്ററായ മാത്യു ശാമുവലിന് വി.എം. മാത്യു പുരസ്‌കാരം സമർപ്പിക്കുന്ന ചടങ്ങിലേക്ക് ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുമെന്ന് ക്രൈസ്തവ ചിന്ത എഡിറ്റർ കെ.എൻ. റസൽ പറഞ്ഞിരുന്നു. വി.ഡി. സതീശൻ, അഡ്വ. ജയശങ്കർ, മാത്യു ശാമുവൽ എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കാനായി വിശ്വാസികൾ കൂട്ടത്തോടെയെത്തുമെന്നാണ് റസലിന്റെ വാക്കുകൾ.

നേരത്തെ, മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ മാത്യു ശാമുവലിനെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. കോട്ടയത്തെ ഈരാറ്റുപേട്ട നഗരത്തെ മാത്യു ശാമുവൽ ‘മിനി താലിബാൻ’ എന്നും ‘ഭീകരതയുടെ കേന്ദ്ര’മെന്നും വിശേഷിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്.

ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളാണ് മാധ്യമപ്രവർത്തകനെതിരെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മതവിദ്വേഷം വളർത്തൽ, കലാപത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം മാത്യുവിനെതിരെ കേസെടുക്കുകയായിരുന്നു.

മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിന് പിന്നാലെ മാത്യു ശാമുവൽ തന്റെ നിലപാടുകളിൽ മാറ്റം വരുത്തിയെന്നും നിരീക്ഷപ്പെടുന്നുണ്ട്.

Content Highlight: Hate preacher Mathew Samuel receives award; social media criticizes