കോഴിക്കോട്: മാര്‍പാപ്പയുടെ മരണത്തില്‍ സമൂഹമാധ്യങ്ങള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം. മാര്‍പാപ്പ ഇതരമത വിശ്വാസികകളോട് കാണിച്ച അനുകമ്പയും കുടിയേറ്റത്തെയും ഫലസ്തീനെയും അനുകൂലിച്ച് അദ്ദേഹം സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ മാര്‍പാപ്പയ്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.
തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ കാസയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച അനുശോചന പോസ്റ്റിലാണ് ഈ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മരണം ആരെയും നീതിമാന്‍ ആക്കുന്നില്ല. ജീവിച്ചിരുന്ന കാലത്ത് സ്വന്തം സമുദായത്തെ പരമാവധി ദ്രോഹിച്ച ഒരു പാപ്പ ദിവസവും ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ജിഹാദികളാല്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ ഒന്നും ഉണരാത്ത ഇദ്ദേഹം എവിടെയെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെട്ടാല്‍ വലിയ വായില്‍ നിലവിളിക്കുമായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
മാര്‍ കാക്ക ചത്ത് ഇനി യൂറോപ്പ് രക്ഷപ്പെടും, ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയന്‍ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികള്‍ കൊന്നൊടുക്കിയത് അയാള്‍ക്ക് ബാധകമല്ല. ഹമാസിന് വല്ലതും പറ്റിയാല് അയാള്‍ക്ക് നോവുള്ളൂ എന്നിങ്ങനെയാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
പോപ്പ് ഫ്രാന്‍സിസ് യൂറോപ്പ് പൂര്‍ണമായി ഇസ്‌ലാമിക രാജ്യം ആക്കുന്നത് കാണാന്‍ പറ്റാതെ യാത്ര ആയി, യൂറോപ്പിലേക്ക് ജിഹാദി കുടിയേറ്റം പ്രോത്സാഹനം ചെയ്ത് യൂറോപ്പിനെ നശിപ്പിച്ചു, കസേര ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് ചെഗുവേര ഭക്തന്‍ ആയ സഖാവ് പോപ്പ് പറഞ്ഞിരുന്നു, ക്രിസ്ത്യനികള്‍ ഒഴികെ എല്ലാവര്‍ക്കും വേണ്ടി രാപ്പകല്‍ അധ്വാനിച്ച മഹാഅനുഭവന്‍, സുടാപ്പികള്‍ ചരിത്രത്തിലാദ്യമായി ആദരാഞ്ജലി പറയുന്നു അതിനു അര്‍ത്ഥം ഈ പാപ്പാ ഒരു മാര്‍കാക്ക ആയിരുന്നു എന്നതാണ്. ഇങ്ങനെ പോവുന്നു വിഷം വമിക്കുന്ന കമന്റുകള്‍.
ഗസ-ഇസ്രഈല്‍ യുദ്ധത്തില്‍ ഫലസ്തീനികളോട് മാര്‍പാപ്പ പലപ്പോഴും സഹാനുഭൂതി പുലര്‍ത്തിയിരുന്നു. മരണപ്പെടുന്നതിന്റെ തലേദിവസവം തന്റെ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം, ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ക്രിസ്തുമസില്‍ വത്തിക്കാനില്‍ ഉണ്ണിയേശു കെഫിയയില്‍ കിടക്കുന്ന തിരുപ്പിറവി പ്രദര്‍ശനം ഒരുക്കിയിരുന്നു. കുടിയേറ്റക്കാരോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുമെല്ലാം അദ്ദേഹം അനുകമ്പയോടെയാണ് പെരുമാറിയത്. അഭയാര്‍ത്ഥികള്‍ക്ക് മുമ്പ് വാതിലുകള്‍ കൊട്ടിയടക്കരുതെന്ന് അദ്ദേഹം പലപ്പോഴും ലോകരാജ്യങ്ങളോട് പറഞ്ഞിരുന്നു.