'നടുക്ക് വെച്ചിരിക്കുന്നത് ബര്‍ത്ത് ഡേ കേക്കല്ല'; മരണാനന്തര ചടങ്ങില്‍ കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനെതിരെ ഹെയ്റ്റ് ക്യാമ്പെയ്ന്‍
Kerala News
'നടുക്ക് വെച്ചിരിക്കുന്നത് ബര്‍ത്ത് ഡേ കേക്കല്ല'; മരണാനന്തര ചടങ്ങില്‍ കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനെതിരെ ഹെയ്റ്റ് ക്യാമ്പെയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 12:31 pm

കോട്ടയം: മരണാനന്തര ചടങ്ങിനിടെ കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹെയ്റ്റ് ക്യാമ്പെയ്ന്‍. കഴിഞ്ഞ ദിവസം ‘അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഫോട്ടോക്കെതിരെയാണ് ഹെയ്റ്റ് കമന്റുകള്‍ വന്നത്.

കോട്ടയം മല്ലപ്പള്ളി പനവേലില്‍ കുടുംബത്തിലെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ ബോഡിക്കരികില്‍ മക്കളും, മരുമക്കളും, പേരകുട്ടികളും അടങ്ങുന്ന സംഘം ചിരിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘നടുക്ക് വെച്ചിരിക്കുന്നത് ബര്‍ത്ത് ഡേ കേക്ക് അല്ലെന്ന് ഇവന്മാര്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കോ..’, ഇതേതോ സീരിയലിന്റെ ലൊക്കേഷനാണെന്ന് തോന്നുന്നു’

‘എല്ലാവരും ഇത്തിരി ഗ്യാപ് ഇട്ടിട്ടായാലും പിന്നാലെ വരുമെന്നേ…..! വരാതെവിടെ പോകാനാ, അപ്പോള്‍ അടുത്ത ഫോട്ടോഷൂട്ട് അവിടെവച്ചാകാം… തല്‍ക്കാലം ബൈ……!’, എന്നാലും ദുഃഖമുള്ള ഒരു മുഖം പോലും ഇതില്‍ കാണാനില്ലല്ലോ…’

‘മരണം ഒരു സന്തോഷമാക്കി മാറ്റിയ ഈ കുടുബം അഭിനന്ദനം അര്‍ഹിക്കുന്നു’, രംഗബോധമില്ലാതെ കടന്നു വന്നാല്‍ മാത്രം മരണം ദുഃഖകരം എന്നതിന് ഉത്തമ ഉദാഹരണം…’, ‘ചാമ്പിക്കോ മ്യൂസിക് കൂടി ഇടാമായിരുന്നു’ തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് താഴെ വന്നത്.

അതേസമയം, മരണാനന്തര ചടങ്ങില്‍ കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെ അനുകൂലിച്ചുള്ള കുറിപ്പുകളുമായും ചിലര്‍ രംഗത്തെത്തി.

എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി ഭാരതിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കഴിഞ്ഞ ഒരു ദിവസം, ഞാന്‍ മരിച്ചു പോയാല്‍ എന്റെ മക്കള്‍ അടുത്തിരുന്ന് കരയുന്നതാലോചിച്ചപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. അവരെ സമാധാനിപ്പിക്കാനെനിക്കാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ പിന്നേം പിന്നേം കരഞ്ഞു. അവര്‍ കരയാതിരിക്കാന്‍ എനിക്കെന്തു ചെയ്യാനാകും ? അവര്‍ കരയാതിരിക്കാനല്ലേ ഞാന്‍ ജീവിച്ചതത്രയും. അപ്പോഴാണ് ഈ ചിത്രം മുന്നില്‍ വന്നത്.
ഈ ചിത്രത്തിലേതു പോലെയാകണം എന്റെ മരണവും. അമ്മ സാര്‍ഥകമായി ജീവിച്ചു , സംതൃപ്തയായി മരിച്ചു എന്ന് എന്റെ മക്കള്‍ക്ക് സന്തോഷിക്കാന്‍ കഴിയണം. അവര്‍ ചിരിച്ചു കൊണ്ട് എന്നെ പറഞ്ഞയക്കണം.
ഇതൊരു മാതൃകയാണ്. ഇതൊരു മികച്ച ആശയവുമാണ്. I love and respect it.

രണ്ടാഴ്ച മുന്‍പ് എന്റ വല്യമ്മച്ചി 106ാം വയസ്സില്‍ മരിച്ചപ്പോള്‍ വലിയ ആശ്വാസമാണ് എനിക്കുണ്ടായത്, അവരുടെയും അവരെ നോക്കുന്നവരുടെയും ദുരിതങ്ങള്‍ അവസാനിച്ചത് നല്ല കാര്യമല്ലേ? തീര്‍ച്ചയായും വിരഹം വേദനാജനകമാണ്.. അതും ഇതും ഒക്കെ ആളുകളുടെ സ്വകര്യതയാണ്, അത്തരം ഫോട്ടോകള്‍ എടുത്ത് കൊണ്ടുവന്ന് അടിക്കുറിപ്പ് മത്സരം നടത്തുകയും മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ അത് തിരുത്തണം എന്നാണ് മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Content Highlight: Hate Campaign Against the picture of family members laughing at the posthumous ceremony on social media