കഴക്കൂട്ടത്ത് ട്രെയിന്‍ സ്റ്റോപ്പുകള്‍ക്കായി ടെക്കികളുടെ ഹാഷ് ടാഗ് ക്യാമ്പയിന്‍
Daily News
കഴക്കൂട്ടത്ത് ട്രെയിന്‍ സ്റ്റോപ്പുകള്‍ക്കായി ടെക്കികളുടെ ഹാഷ് ടാഗ് ക്യാമ്പയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th June 2016, 7:32 pm

train hashtag

കഴക്കൂട്ടം: കഴക്കൂട്ടത്ത് കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനായി ടെക്കികളുടെ ഹാഷ് ടാഗ് ക്യാമ്പയിന്‍. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ഹാഷ് ടാഗ് ക്യാമ്പയിന്‍ ആരംഭിച്ചത്. കഴക്കൂട്ടെ സ്റ്റേഷനില്‍ വെച്ചുതന്നെയായിരുന്നു ഔപചാരിക ഉദ്ഘാടനം.

#TechiesForMoreStosp #PrathidhwaniCampaign #Technopark #IndianRailway എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ കഴക്കൂട്ടത്ത് ട്രെയിന്‍ സ്റ്റോപ്പ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ക്യാമ്പയിനെ കുറിച്ചും ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രതികരിക്കാം. ഇന്നലെയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ ആരംഭിച്ചത്. നിരവധി ടെക്കികള്‍ കഴക്കൂട്ടം സ്റ്റേഷനില്‍വെച്ചു തന്നെ ഈ ക്യാമ്പയിനില്‍ അണി ചേര്‍ന്നു.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ യാത്ര ക്ലേശങ്ങളും അതെങ്ങനെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നു പൊതു സമൂഹത്തെയും ഭരണാധികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റേര്‍സ് (LIBERATORS) എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് പ്രതിധ്വനി ആദ്യമായി ടെക്കികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തത്.

train hashtag cam

കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പ്രതിധ്വനി കാമ്പയിന്‍ നടത്തുകയും 6000ത്തോളം ജീവനക്കാരില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 7 ട്രെയിനുകള്‍ക്കു കൂടി കഴക്കൂട്ടത്ത് സ്റ്റോപ്പ് ലഭിക്കുകയും റെയില്‍വെ സ്റ്റേഷന്റെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കു കൂടി ഇവിടെ സ്റ്റോപ്പ് അനുവദിച്ചാല്‍ ആയിരക്കണക്കിനു ടെക്കികളുടെ ദുരിതത്തിനും അതോടൊപ്പം നഗരത്തിലെ ഗതാഗത കുരുക്കിനും കുരിക്കിനും ശമനമാകും.

ഇതിനു വേണ്ടി പുതിയ റെയില്‍വേ ഡി.ആര്‍.എമ്മിനും ജനപ്രതിനിധികള്‍ക്കും പ്രതിധ്വനി കഴിഞ്ഞ ആഴ്ച നിവേദനങ്ങള്‍ നല്‍കിയിരുന്നു. കഴക്കൂട്ടത്തു നിന്നുള്ള നിയമസഭാംഗവും മന്ത്രിയുമായ ശ്രീ. കടകം പള്ളി സുരേന്ദ്രന്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശ്രീ. പ്രകാശ് ഭൂട്ടാനി, ശ്രീ ശശി തരൂര്‍ എം.പി ,ഡോ. എ. സമ്പത്ത് എം.പി, ശ്രീ സി.പി നാരായണന്‍ എം.പി, ശ്രീ ഒ. രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ക്കാണ് നിവേദനങ്ങള്‍ നല്‍കിയത്.