ചണ്ഡീഗഡ്: ഹരിയാനയില്‍ എട്ടാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. 52 കാരനായ അധ്യാപകനെതിരെ റെവാരി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അധ്യാപകന്‍ മദ്യപിച്ച് സ്‌കൂളില്‍ വരാറുണ്ടെന്നും അയാള്‍ തങ്ങളെ പീഡിപ്പിക്കാറുണ്ടെന്നും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നുമുള്ള പെണ്‍കുട്ടികളുടെ പരാതിയില്‍ മേലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച റെവാരിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മുമ്പാകെ വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അവര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതി ഇപ്പോള്‍ ഒളിവില്‍ ആണെന്നും അയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതായും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഒളിവില്‍ പോയ അധ്യാപകന്‍ കാഷ്വല്‍ ലീവിലാണെന്നും ലീവ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അംഗീകരിച്ചതാണെന്നും പൊലീസ് കണ്ടെത്തി.
കുറ്റാരോപിതനായ അധ്യാപകന്റെ കാഷ്വല്‍ ലീവ് ജൂലൈ 21 മുതല്‍ ജൂലൈ 30 വരെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജ് കുമാര്‍ അംഗീകരിച്ചതായി ഖോള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സന്തോഷ് തന്‍വാര്‍ പറഞ്ഞു. കാഷ്വല്‍ ലീവ് റദ്ദാക്കുമെന്നും എന്ത് അടിസ്ഥാനത്തിലാണ് അയാളുടെ ലീവ് അംഗീകരിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുമെന്നും റെവാരി ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് മീണ പറഞ്ഞു. 25 വര്‍ഷത്തിലേറെയായി അധ്യാപകനാണ് ഒളിവിലുള്ള പ്രതി.