ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കമ്പനിക്ക് വിലക്കേർപ്പെടുത്തി സർക്കാർ
national news
ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കമ്പനിക്ക് വിലക്കേർപ്പെടുത്തി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th October 2022, 7:33 am

ന്യൂദൽഹി: ​ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് കമ്പനിയിൽ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് നിർത്തിവെച്ചു. ഹരിയാന കേന്ദ്രീകൃതമായ മെ‍യ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കമ്പനിയുടെ മരുന്നുകളുടെ ​ഗുണമേന്മ പരിശോധന നടത്തിയതിൽ വ്യപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന സർക്കാരിന്റെ നടപടി.

കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും ഹരിയാന ആരോ​ഗ്യ മന്ത്രി അനിൽ വിജ് അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ, കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മരുന്നുകൾ നിർമിക്കുന്നതിനും പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ലോഗ് ബുക്ക് കമ്പനി ഹാജരാക്കിയിട്ടില്ല. ചുമ മരുന്നിനായി ഉപയോഗിച്ച രാസവസ്തുക്കളുടെ ബാച്ച് നമ്പറുകൾ പരാമർശിച്ചിട്ടില്ല. കമ്പനി നൽകിയ ഉത്പാദന തീയതിയിലും പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് (Maiden Pharmaceuticals) നിർമിച്ച പ്രൊമേത്തസിൻ ഓറൽ സൊലൂഷൻ (Promethazine oral solution), കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്(Kofexmalin Baby Cough Syrup), മേക്കോഫ് ബേബി കഫ് സിറപ്(Makoff Baby Cough Syrup), മാഗ്രിപ് എൻ കോൾഡ് സിറപ്(Magrip N Cold Syrup) എന്നിവയ്‌ക്കെതിരെയാണ് അന്വേഷണമുണ്ടാകുക.

ഇവയിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് വലിയതോതിൽ ഉപയോഗിക്കുന്ന മരുന്നാണിവ.

നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ കഫ് സിറപ്പിൽ കണ്ടെത്തിയതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

അതേസമയം മരുന്നുകൾ കയറ്റുമതിക്ക് വേണ്ടി മാത്രമാണ് ഉപയോ​ഗിച്ചതെന്നും ഇന്ത്യയിൽ വിറ്റിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

ഹരിയാനയിലെ സോനെപട്ടിലാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സ്ഥിതിചെയ്യുന്നത്. ഡബ്ല്യു.എച്ച്.ഒ പരാമർശിച്ച ഉത്പന്നങ്ങൾ നിർമിക്കാനുള്ള അനുമതിയുള്ള സ്ഥാപനമാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്. കമ്പനി ഇതുവരെ ഗാംബിയയിലേക്ക് മാത്രമാണ് ഈ ഉത്പന്നങ്ങൾ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തത്.

ഹരിയാനയിലും ഹിമാചൽ പ്രദേശിലുമായി രണ്ട് മരുന്ന് ഉത്പാദന യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. 2000 മുതലാണ് കമ്പനി മരുന്ന് കയറ്റുമതി ആരംഭിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫൈഡ് ആണ് ഇരു സ്ഥാപനങ്ങളും എന്ന് കമ്പനിയുടെ പേജിൽ സൂചിപ്പിക്കുന്നു.

Content Highlight: Haryana government banned the production of medicines from maiden pharmaceuticals