വലിയ മഴ പെയ്താല്‍ എത്ര വലിയ റോഡും വെള്ളത്തിലാകുമെന്നും സൈനി കൂട്ടിച്ചേര്‍ത്തു. വികസ്വര സംസ്ഥാനമാണ് ഹരിയാനയെന്നും ഇത്തരം വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സ്വയം വലിയ രാജ്യമാണെന്ന് അവകാശപ്പെടുന്ന അമേരിക്കയിലേക്ക് നോക്കൂ. അത്രയും വലിയ കാലിഫോര്‍ണിയ എന്ന നഗരം മുഴുവന്‍ കനത്ത മഴയില് വെള്ളത്തിലായില്ലേ. പ്രകൃതിയോട് പോരാടുന്നതില്‍ നമുക്ക് എപ്പോഴും പരിമിതികളുണ്ട്. ഒരുഘട്ടത്തിനപ്പുറം നമുക്ക് അധികം പിടിച്ചുനില്‍ക്കാനാകില്ല. അക്കാര്യം ആരായാലും അംഗീകരിക്കേണ്ടതുണ്ട്.
വളരെ വേഗത്തിലാണ് ഞങ്ങളെല്ലാവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുഗ്രാം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ നഗരത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിവരുന്നത്. കനത്ത മഴയായതിനാല്‍ അതിലൂടെ വലിയ നാശനഷ്ടമുണ്ടാകുമെന്ന് അറിയാവുന്ന കാര്യമാണ്,’ സൈനി മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുഗ്രാമിലെ തെരുവുകളിലെ വെള്ളക്കെട്ടില്‍ നീന്തുന്ന കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മില്ലേനിയം സിറ്റിയുടെ വികസനം ഇങ്ങനെയൊക്കെയാണോ എന്നായിരുന്നു പലരും പരിഹസിച്ചത്. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.