2026 ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ തിരിച്ചടി. ഇന്ത്യയുടെ യുവപേസര്‍ ഹര്‍ഷിത് റാണയ്ക്ക് ടി-20 ലോകകപ്പ് നഷ്ടമാവും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത് പേസര്‍ മുഹമ്മദ് സിറാജിനെയാണ്. താരം ഉടനെ ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
സന്നാഹമത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടയിലാണ് ഹര്‍ഷിത്തിന് പരിക്കേല്‍ക്കുന്നത്. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞാണ് റാണ മടങ്ങിയത്.
കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു താരം.
വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് മുട്ടില്‍ പിടിച്ചു കൊണ്ട് മുടന്തി കളം വിടുന്ന ഹര്‍ഷിത്തിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു.