മൂന്ന് മത്സരം, ഒരേ ഇര, ഒരേ വേട്ടക്കാരന്‍; 'ഹാട്രിക്കുമായി' ഹര്‍ഷിത് റാണ
Sports News
മൂന്ന് മത്സരം, ഒരേ ഇര, ഒരേ വേട്ടക്കാരന്‍; 'ഹാട്രിക്കുമായി' ഹര്‍ഷിത് റാണ
ആദര്‍ശ് എം.കെ.
Sunday, 18th January 2026, 2:21 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരം ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാല്‍ മൂന്നാം ഏകദിനം സന്ദര്‍ശകര്‍ക്കും ആതിഥേയര്‍ക്കും നിര്‍ണായകമാണ്.

സീരീസ് ഡിസൈഡറില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറില്‍ അര്‍ഷ്ദീപ് സിങ് ഹെന്‌റി നിക്കോള്‍സിനെയും രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണ ഡെവോണ്‍ കോണ്‍വേയെയും പുറത്താക്കി.

ആദ്യ ഓവറിലെ നാലാം പന്തില്‍ നിക്കോള്‍സ് ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രോഹിത് ശര്‍മയുടെ കൈകളിലൊതുങ്ങിയാണ് കോണ്‍വേ മടങ്ങിയത്.

പരമ്പരയിലെ മൂന്ന് മത്സരത്തിലും ഹര്‍ഷിത് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് കോണ്‍വേ പുറത്തായത്. ഇന്ത്യ വിജയിച്ച ആദ്യ രണ്ട് മത്സരത്തിലും ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഹര്‍ഷിത് കോണ്‍വേയെ പുറത്താക്കിയത്.

ആദ്യ മത്സരത്തില്‍ 67 പന്തില്‍ 56 റണ്‍സും രണ്ടാം മത്സരത്തില്‍ 21 പന്തില്‍ 16 റണ്‍സും നേടിയ കോണ്‍വേയ്ക്ക് നിര്‍ണാകയമായ സീരീസ് ഡിസൈഡറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മൂന്ന് മത്സരത്തില്‍ നിന്നും ഹര്‍ഷത്തിനെതിരെ 23 പന്ത് നേരിട്ട കോണ്‍വേയ്ക്ക് 18 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഈ പരമ്പരയില്‍ 6.00 എന്ന ശരാശരി മാത്രമാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരത്തിന് ഇന്ത്യന്‍ പേസര്‍ക്കെതിരെയുള്ളത്.

ഹര്‍ഷിത് റാണ. Photo: BCCI/x.com

അതേസമയം, മത്സരം ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 22 പന്തില്‍ 16 റണ്‍സുമായി വില്‍ യങ്ങും 15 പന്തില്‍ പത്ത് റണ്‍സുമായി കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയ ശില്‍പിയായ ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, ഹെന്‌റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സാക്ക് ഫോള്‍കസ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജെയ്ഡന്‍ ലെനക്‌സ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Content Highlight: Harshit Rana dismissed Devon Conway 3 times in this series

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.