ഈ ട്രോഫികളെല്ലാം എവിടെ സൂക്ഷിക്കുന്നുവെന്ന് കമന്റേറ്റര്‍; കസ്റ്റോഡിയന്‍ അമ്മയെന്ന് കോഹ്‌ലി
Sport-News
ഈ ട്രോഫികളെല്ലാം എവിടെ സൂക്ഷിക്കുന്നുവെന്ന് കമന്റേറ്റര്‍; കസ്റ്റോഡിയന്‍ അമ്മയെന്ന് കോഹ്‌ലി
ഫസീഹ പി.സി.
Monday, 12th January 2026, 11:29 am

ന്യൂസിലാന്റിന് എതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തില്‍ ആരാധകര്‍ക്ക് വിരാട് കോഹ്‌ലി വിരുന്നൊരുക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 93 റണ്‍സുകളാണ്. 91പന്ത് നേരിട്ട താരം എട്ട് ഫോറും ഒരു സിക്‌സുമാണ് അടിച്ചത്.

ഏഴ് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും മികച്ചൊരു കോഹ്‌ലി ഇന്നിങ്സിനാണ് വഡോദരയിലെ ആരാധകര്‍ സാക്ഷിയായത്. ഇപ്പോള്‍ മത്സരത്തിന്റെ പ്രസേന്റ്റേഷനിലെ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

വിരാട് കോഹ്‌ലി- Photo: BCCI/x.com

മത്സരത്തിലെ പ്രകടനത്തിന് കോഹ്‌ലിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് (പി.ഒ.ടി.എം) ലഭിച്ചിരുന്നു. അത് താരത്തിന്റെ ഏകദിനത്തിലെ 45ാം പി.ഒ.ടി.എമ്മായിരുന്നു. അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷമുള്ള താരത്തിന്റെയും കമന്റേറ്റര്‍ ഹര്‍ഷാ ബോഗ്ലെയുടെയും സംഭാഷണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ഇത് തങ്ങളുടെ 45ാം പി.ഒ.ടി.എം അല്ലേ? ഇതൊക്കെ സൂക്ഷിക്കാന്‍ എത്ര വലുതാണ് നിങ്ങളുടെ വീട്? ഇതെല്ലം സൂക്ഷിക്കാന്‍ റൂം വേണമല്ലോ?!’ എന്നായിരുന്നു ബോഗ്ലെയുടെ ചോദ്യം.

ഇതിനോട് ചിരിച്ച് കൊണ്ടാണ് കോഹ്‌ലി മറുപടി നല്‍കിയത്. തന്റെ അമ്മയാണ് ഇതെല്ലം സൂക്ഷിക്കുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി.

‘അത് ഞാന്‍ ഗുര്‍ഗോണിലുള്ള അമ്മയുടെ അടുത്തേക്ക് അയക്കുകയാണ് പതിവ്. അമ്മ അവ സൂക്ഷിക്കുന്നത് വളരെ ഇഷ്ടപ്പെടുന്നു. അതില്‍ അവര്‍ക്ക് അഭിമാനവുമുണ്ട്,’ കോഹ്‌ലി പറഞ്ഞു.

കോഹ്‌ലിയുടെയും ബോഗ്ലെയുടെയും ഈ രസകരമായ വീഡിയോ പല ആരാധകരും തങ്ങളുടെ വാളില്‍ പങ്കുവെച്ചിട്ടുണ്ട്. അതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം, മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. കോഹ്‌ലിയ്ക്ക് പുറമെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി. 71 പന്തില്‍ 56, 47 പന്തില്‍ 49 എന്നിങ്ങനെയാണ് ഇവരുടെ സ്‌കോറുകള്‍.

കിവീസിനായി കെയ്ല്‍ ജാമിസണ്‍ നാല് വിക്കറ്റുകളും ക്രിസ് ക്ലാര്‍ക്കും ആദിത്യ അശോകും ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.

ന്യൂസിലാന്‍ഡ് നിരയില്‍ ഡാരല്‍ മിച്ചല്‍ (71 പന്തില്‍ 84) ഹെന്റി നിക്കോള്‍സ് (69 പന്തില്‍ 62) ഡെവോണ്‍ കോണ്‍വേ (67 പന്തില്‍ 56) എന്നിവര്‍ തിളങ്ങി.

ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Content Highlight: Commentator Harsha Bhogle asks where all these trophies are kept; Virat Kohli says mother is the custodian

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി