വാഷിങ്ടണ്‍ സുന്ദറിന് പകരം ആളെത്തി; നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ!
Cricket
വാഷിങ്ടണ്‍ സുന്ദറിന് പകരം ആളെത്തി; നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ!
ശ്രീരാഗ് പാറക്കല്‍
Saturday, 18th July 2026, 7:24 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. സീരീസ് ഡിസൈഡറിന് മുന്നോടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പരിക്ക് പറ്റി പുറത്തായിരുന്നു. ഇപ്പോള്‍ താരത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. യുവതാരം ഹര്‍ഷ് ദുബെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹര്‍ഷ്. ഈ വര്‍ഷം അഫ്ഗാനിസ്ഥാനെതിരെയായിരുന്നു താരം അരങ്ങേറ്റം നടത്തിയത്. കളിച്ച രണ്ട് മത്സരത്തില്‍ നിന്ന് 85 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം നേടിയത്. 3/47 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. എന്നാല്‍ ഹര്‍ഷ് ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തിട്ടില്ല.

യുവതാരം ഹര്‍ഷ് ദുബെ

മാത്രമല്ല ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 12 മത്സരങ്ങളിലെ 11 ഇന്നിങ്‌സില്‍ നിന്ന് കളിച്ച ഹര്‍ഷ് ദുബെ 13 വിക്കറ്റാണ് നേടിയത്.

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റതിനെ തുടര്‍ന്നാണ് സുന്ദറിനെ നിര്‍ണായക മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ബാറ്റിങ്ങിനിടെ ആദ്യ റണ്‍ ഓടിയെടുക്കുന്നതിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

വാഷിംഗ്ടൺ സുന്ദര്‍

തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ പരിചരണവും ലഭിച്ചെങ്കിലും പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

രണ്ടാം ഏകദിനത്തില്‍ വെറും അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സുന്ദര്‍ രണ്ട് റണ്‍സ് നേടി സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ പുറത്തായിരുന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ ഒരാളായിരുന്നു വാഷിങ്ടണ്‍.

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 63 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടി മികച്ച ഇന്നിങ്സ് കാഴ്ചവെച്ചിരുന്നു.

Content Highlight: Harsh Dubey replaces injured Washington Sundar for 3rd ODIs vs England

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ