ജയിച്ചു വാ...എല്ലാ ആശംസകളും; ഐ.പി.എല്ലിലെ പ്രിയപ്പെട്ട ടീമിന് കട്ട സപ്പോർട്ടുമായി ഹാരി കെയ്‌നും ബയേൺ മ്യൂണികും
Cricket
ജയിച്ചു വാ...എല്ലാ ആശംസകളും; ഐ.പി.എല്ലിലെ പ്രിയപ്പെട്ട ടീമിന് കട്ട സപ്പോർട്ടുമായി ഹാരി കെയ്‌നും ബയേൺ മ്യൂണികും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 12:53 pm

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കം അതിന്റെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ന് നടക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്നുറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റോടെയാണ് കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് മുന്നേറിയത്. മറുഭാഗത്ത് 14 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും അഞ്ചു തോല്‍വിയും അടക്കം 17 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഓറഞ്ച് ആര്‍മി പ്ലേ ഓഫിലേക്ക് കടന്നത്.

ഇപ്പോഴിതാ ഈ മത്സരത്തിനു മുന്നോടിയായി കൊല്‍ക്കത്തക്ക് വിജയാശംസകള്‍ നല്‍കിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കെയ്ന്‍ കൊല്‍ക്കത്തയ്ക്ക് ആശംസകള്‍ അറിയിച്ചത്.

‘ഹേയ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഈ സീസണില്‍ മികച്ച പ്രകടനമാണ് നിങ്ങള്‍ നടത്തിയത്. ഈ മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എഫ്.സി ബയേണ്‍ മ്യൂണിക്കില്‍ നിന്നും ഞങ്ങളുടെ എല്ലാ പിന്തുണയും അറിയിക്കുന്നു,’ ഹാരി കെയ്ന്‍ പറഞ്ഞു.

അതേസമയം ഹാരി കെയ്ന്‍ ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം മിന്നും പ്രകടനമാണ് നടത്തിയത്. ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് താരം ജര്‍മന്‍ വമ്പന്മാരോടൊപ്പം ചേരുന്നത്. ബയേണ്‍ മ്യൂണിക്കിനായി 45 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളാണ് ഈ സീസണില്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബയേണ്‍ മ്യൂണിക്കിന് ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല.

Content Highlight: Harry Kane share video for support KKR in IPL