ബ്ലഡ് സ്കാൻഡൽ; എച്ച്.ഐ.വിയും ഹെപ്പറ്റൈറ്റിസും ബാധിച്ച് 3000ത്തിൽ അധികം മരണം; ബ്രിട്ടന്റെ ചരിത്രത്തിലെ മായാത്ത രക്തക്കറയെന്ന് അന്തിമ റിപ്പോർട്ട്
World
ബ്ലഡ് സ്കാൻഡൽ; എച്ച്.ഐ.വിയും ഹെപ്പറ്റൈറ്റിസും ബാധിച്ച് 3000ത്തിൽ അധികം മരണം; ബ്രിട്ടന്റെ ചരിത്രത്തിലെ മായാത്ത രക്തക്കറയെന്ന് അന്തിമ റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 12:40 pm

ലണ്ടൻ: 1970 കളിലും 1980 കളിലും 3000 ൽ അധികം ആളുകളുടെ മരണത്തിന് കാരണമായ ബ്ലഡ് സ്കാൻഡലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തു വിട്ട് ബ്രിട്ടൻ സർക്കാർ. ആറ് വർഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം പുറത്തു വന്ന റിപ്പോർട്ട് ദുരന്തത്തിന്റെ വ്യാപ്തി പൂർണമായും വ്യക്തമാക്കുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ ആരോഗ്യ സേവന രംഗത്ത് ബ്രിട്ടൻ സർക്കാർ നടത്തിയ ഏറ്റവും മാരകമായ അഴിമതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഏകദേശം 3,000 ആളുകൾ എച്ച്.ഐ.വി വൈറസ് ബാധിച്ചും കരൾ വീക്കം ബാധിച്ചും ഹെപ്പറ്റൈറ്റിസ് ബാധിച്ചും മരണപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

1970 കളിലും 1980 കളിലും, രക്തം കട്ടപിടിക്കുന്ന രോഗമായ ഹീമോഫീലിയ ബാധിച്ച നിരവധി പേർക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച രക്തം നൽകപ്പെട്ടു. അതോടൊപ്പം പ്രസവത്തിനു ശേഷമോ ശസ്ത്രക്രിയയ്ക്കു ശേഷമോ രക്തം ആവശ്യമായി വന്ന ആയിരക്കണക്കിന് ആളുകൾക്കും ശുദ്ധമല്ലാത്ത രക്തം നൽകപ്പെട്ടു.

1970 ൽ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ( എൻ.എച്ച് .എസ് ) ഹീമോഫീലിയക്ക് പ്രതിവിധിയായി പുതിയൊരു ചികിത്സ രീതി കണ്ടുപിടിച്ചു. ഫാക്ടർ VIII എന്നായിരുന്നു ആ ചികിത്സാരീതി അറിയപ്പെട്ടത്. നിരവധി ദാതാക്കളിൽ നിന്നും ലഭിച്ച പ്ലാസ്മ ഉപയോഗിച്ച്
നിർമിക്കുന്ന മരുന്നാണ് ഇതിനായി ഉപയോഗിച്ചത്. ഹീമോഫീലിയക്ക് അന്ന് നിലവിൽ ഉണ്ടായിരുന്ന ചികിത്സാരീതിയെക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമതയുള്ളതുമായിരുന്നു ഈ രീതി. അതുകൊണ്ട് തന്നെ വണ്ടർ മെഡിസിൻ എന്നായിരുന്നു ഇത് അറിയപ്പെട്ടത്.

മരുന്ന് നിർമിക്കാൻ എൻ.എച്ച്.എസ് ഉപയോഗിക്കുന്ന പ്ലാസ്മ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു. എന്നാൽ അക്കാലത്ത് ദാനം ചെയ്യപ്പെട്ട പ്ലാസ്മയുടെ വലിയൊരു അളവും തടവുകാരിൽ നിന്ന് സ്വീകരിച്ചതും മയക്കുമരുന്നിന് അടിമകളായവരിൽ നിന്ന് പണം നൽകി വാങ്ങിയതുമായിരുന്നു.

ഇത് വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ഹീമോഫീലിയ ബാധിച്ച 1250 ൽ അധികം രോഗികൾക്ക് എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് എന്നിവ ബാധിക്കുകയും മരണപ്പെടുകയും ചെയ്തു. ആകെ 3000 ൽ അധികം ആളുകളാണ് രക്തം മാറ്റലിലൂടെ ഇത്തരം രോഗങ്ങൾക്കിരയാവുകയും മരിക്കുകയും ചെയ്തത്.

380 കുട്ടികൾ ഇതിലൂടെ എച്ച്. ഐ. വി ബാധിതരായി. എണ്ണമില്ലാത്തത്രയും ആളുകൾക്ക് തങ്ങളുടെ പങ്കാളികളിലൂടെ എച്ച്.ഐ.വി ബാധിക്കുകയും മരിക്കുകയും ചെയ്തു. 2,400-5,000 രക്ത സ്വീകർത്താക്കൾ ഹെപ്പറ്റൈറ്റിസ് രോഗബാധിതരായി. നിരവധി കുഞ്ഞുങ്ങളാണ് ഇതിന് ഇരയായത്. അവരെല്ലാം തന്നെ മരണപ്പെടുകയും ചെയ്തു.

ഈ മരുന്ന് ഉപയോഗിച്ചിരുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഇത് ഉപയോഗിക്കരുതെന്ന് അറിയാമായിരുന്നെന്നും എന്നിട്ടും ലാഭം നോക്കി ജനങ്ങളോട് ക്രൂരത കാണിക്കുകയായിരുന്നെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബി.ബി.സി റിപ്പോർട്ട് പറയുന്നത് , 1970-കളുടെ മധ്യത്തിൽ യു.എസി.ൽ നിന്നുള്ള രക്തദാനം വൈറൽ അണുബാധയുണ്ടാക്കുമെന്ന് നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും സാമ്പത്തിക ലാഭം നോക്കി ഇതിനെക്കുറിച്ചു മതിയായ പരിശോധനകളോ നിയമനടപടികളോ ബ്രിട്ടൻ സർക്കാർ എടുത്തില്ല എന്നാണ്.

1953-ൽ തന്നെ ലോകാരോഗ്യ സംഘടന (WHO) പ്ലാസ്മ ഉൽപന്നങ്ങൾ കൂട്ടത്തോടെ ശേഖരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ആളുകളുടെ മരണത്തിന് പിന്നാലെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു. 1993-ൽ എച്ച്. ഐ.വിയും ഹെപ്പറ്റൈറ്റിസും ബാധിച്ച ജെയ്‌സൺ ഇവാൻ ആയിരുന്നു പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയ ഒരാൾ. പിന്നീട് ഇദ്ദേഹം 31-ാം വയസ്സിൽ മരിച്ചു. തുടർന്ന് 2017 ൽ അന്നത്തെ പ്രധാനമന്ത്രിയായ മെയ് അന്വേഷണത്തിന് ഉത്തരവിട്ടു.

2018 ഫെബ്രുവരിയിൽ, മുൻ ഹൈക്കോടതി ജഡ്ജി സർ ബ്രയാൻ ലാങ്സ്റ്റാഫ് അധ്യക്ഷനായ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. പിന്നാലെ
രോഗം ബാധിച്ചവരിൽ നിന്നും 2019 ഏപ്രിലിൽ തെളിവുകൾ ശേഖരിച്ച് തുടങ്ങി.

ഭരണകൂടത്തിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുന്ന ബ്ലഡ് സ്കാൻഡലിന്റെ ഔദ്യോഗിക റിപ്പോർട്ട് തിങ്കളാഴ്ച പുറത്തു വന്നതോടെ മരണപ്പെട്ടവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ബ്ലഡ് സ്കാൻഡൽ രാജ്യത്തെ ഭരണകൂടത്തിനും ആരോഗ്യ മേഖലക്കും വലിയ നാണക്കേടാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ‘വലിയ അനീതിയാണ് അന്ന് ജനങ്ങൾ നേരിട്ടത് അവരോട് ഞാൻ ഇപ്പോൾ മാപ്പ് ചോദിക്കുന്നു ,’ ഋഷി സുനക് പറഞ്ഞു.

 

Content Highlight: Britten president Rishi Sunak sorry over infected blood scandal