ഹാലണ്ടാണോ മികച്ച സ്ട്രൈക്കർ? ഒന്ന് പോയേടോ; മികച്ച സ്ട്രൈക്കറെ വെളിപ്പെടുത്തി മുൻ സൂപ്പർ താരം
football news
ഹാലണ്ടാണോ മികച്ച സ്ട്രൈക്കർ? ഒന്ന് പോയേടോ; മികച്ച സ്ട്രൈക്കറെ വെളിപ്പെടുത്തി മുൻ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 10:58 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ ഗോൾ വേട്ട തുടർന്ന് മുന്നോട്ട് പോവുകയാണ് എർലിങ്‌ ഹാലണ്ട്. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് ഹാലണ്ട് സിറ്റിയിലേക്കെത്തിയത്.

ജർമനിയിൽ നിന്നും ഇംഗ്ലണ്ടിലേക്കെത്തിയ താരം ഈ സീസണിലെ 33 മത്സരങ്ങളിൽ നിന്നും 33 ഗോളുകളാണ് സിറ്റിക്കായി സ്കോർ ചെയ്തത്.
ആദ്യ മത്സരങ്ങളിൽ മിന്നും പ്രകടനം പുറത്തെടുത്ത താരം പിന്നീട് തീർത്തും നിറം മങ്ങിയെങ്കിലും വീണ്ടും ഗോൾ വേട്ടക്ക് തുടക്കമിടാൻ താരത്തിനായിട്ടുണ്ട്.

എന്നാലിപ്പോൾ ഹാലണ്ടല്ല ടോട്ടൻഹാം ഹോട്സ്പയറിന്റെ മുന്നേറ്റ നിര താരമായ ഹാരി കെയ്നാണ് മികച്ച സ്ട്രൈക്കർ എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ന്യൂ കാസിൽ യുണൈറ്റഡ് താരം ഡാരൻ ആംബ്രോസ്.

സ്പേഴ്സിനായി 421 മത്സരങ്ങൾ കളിച്ച കെയ്ൻ 268 ഗോളുകളും 63 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.
കെയ്നൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റ നിര താരമായ റാഷ്ഫോർഡും പ്രീമിയർ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്നുണ്ട്. 39 മത്സരങ്ങളിൽ നിന്നും 25 ഗോളുകളാണ് റാഷ്ഫോർഡ് യുണൈറ്റഡിനായി സ്വന്തമാക്കിയിട്ടുള്ളത്.

ടാൽക്ക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ഹാലണ്ടിനെക്കാൾ മികച്ച താരമാണ് ഹാരി കെയ്നെന്ന് ഡാരൻ ആംബ്രോസ് വെളിപ്പെടുത്തിയത്.

“എന്നോട് ആരാണ് മികച്ച സ്ട്രൈക്കർ എന്ന് ചോദിച്ചിട്ട് ഹാലണ്ടിനെയും റാഷ്ഫോർഡിനെയും കെയ്നെയും ഓപ്ഷനായി വെക്കുകയാണെങ്കിൽ ഞാൻ കെയ്നിനെയാവും മികച്ച താരമായി തെരെഞ്ഞെടുക്കുക. ഞാൻ ഒരു ഹോട്സ്പർ ആരാധകൻ ആയത് കൊണ്ടല്ല ഇത് പറയുന്നത്.

മറിച്ച് ഒരു ഫുട്ബോളറെന്ന നിലയിൽ വിലയിരുത്തിയാൽ ഈ മൂന്ന് താരങ്ങളിൽ വെച്ച് ഏറ്റവും മികച്ചത് ഹാരി കെയ്നാണ്. അദ്ദേഹത്തിന്റെ സ്കോറിങ്‌ ശേഷിയും അസിസ്റ്റുകളും മികച്ചതാണ്. ഒരു ഓൾ റൗണ്ടർ പ്ലെയറാണ് അദ്ദേഹം,’ ആംബ്രോസ് പറഞ്ഞു.

2024 വരെയാണ് കെയ്ന് ടോട്ടൻഹാമുമായി കരാറുള്ളത്. നിലവിലെ സീസണിൽ 35 മത്സരങ്ങളിൽ നിന്നും 20 ഗോളുകളാണ് ഹാരി കെയ്ൻ സ്കോർ ചെയ്തത്.

അതേസമയം പ്രീമിയർ ലീഗിൽ 25 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളൊടെ 45 പോയിന്റുമായി നാലാം സ്ഥാനത്താണ് ടോട്ടൻ ഹാം. മാർച്ച് നാലിന് വൂൾവ്സിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:Harry Kane is a better striker than Erling Haaland said Darren Ambrose